സ്‌കൂട്ടറിന് പുറകില്‍ കുട്ടിയെ തിരിച്ചിരുത്തി അപകട യാത്ര, പിതാവിന്റെ എട്ടിൻ്റെ പണിയുമായി എംവിഡി

കോഴിക്കോട്: സ്‌കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂര്‍ പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് റോഡിലാണ് സംഭവം. കുട്ടിയുമായി അപകടകരമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പിന്നില്‍ യാത്ര ചെയ്ത മറ്റൊരു യാത്രക്കാരനാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് സ്‌കൂട്ടറിന്റെ പിന്നില്‍ യാത്ര ചെയ്തത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആളും കുട്ടിയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പിന്നാലെ പൊലീസ് നടപടിയുമായി രംഗത്തെത്തുകയായിരുന്നു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് കുട്ടിയുടെ പിതാവിന്റെ ലൈസന്‍സ് ആറ് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു.

ഇതിന് പുറമേ 5 ദിവസം റോഡ് സുരക്ഷാ പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്നും കോഴിക്കോട് ആര്‍ടിഒ പി.എ. നസീറിന്റെ ഉത്തരവില്‍ പറയുന്നു. കോഴിക്കോട് ആര്‍ടി ഓഫിസിലെ എംവിഐ സി.പി. ഷബീര്‍ മുഹമ്മദ്, എഎംവിഐ എ.കെ. മുസ്തഫ എന്നിവരാണ് ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *