ആര്‍എസ്എസ് പോലീസില്‍ പിടിമുറുക്കിയെന്ന് സമ്മതിച്ച് സിപിഎം; പാര്‍ട്ടിക്കോ സര്‍ക്കാരിനോ യാതൊരു നിയന്ത്രണവുമില്ല
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
തൃശൂര്‍: കേരള പോലീസില്‍ ആര്‍എസ്എസ് പിടിമുറുക്കിയെന്ന ആരോപണം ശരിവച്ച് സിപിഎം.സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയിലാണ് ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും രംഗത്തെത്തിയത്.പൊലീസില്‍ ആര്‍എസ്എസ് പിടിമുറുക്കി എന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കോ സര്‍ക്കാരിനോ പൊലീസില്‍ സ്വാധീനമില്ലെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. മിക്ക മണ്ഡലം കമ്മിറ്റികളും ഈ ആരോപണം ശരിവയ്ക്കുന്നു. പോലീസ് മേധാവി ഉള്‍പ്പെടെ ആര്‍എസ്എസിന്റെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്നു എന്ന പൊതു ആരോപണം ശരിവയ്ക്കുന്നതാണ് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം.
തുടര്‍ച്ചയായി ഉണ്ടായ ചേലക്കരയിലെ സ്ഥാനാര്‍ത്ഥി മാറ്റത്തിലും വിമര്‍ശമുയര്‍ന്നു. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെന്‍ഷന്‍ നടപ്പാക്കാത്തതിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
തൃശൂരിലെ ബിജെപിയുടെ വിജയം തടയാനായില്ലെന്ന് ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തന രീതികളില്‍ അടിമുടി മാറ്റം അനിവാര്യമാണ്. ക്രൈസ്തവ മേഖലയില്‍ ബിജെപി സ്വാധീനം വര്‍ധിക്കുന്നു. കരുവന്നൂര്‍ വിഷയം പാര്‍ട്ടിക്ക് കനത്ത പ്രഹരമായെന്നും പ്രാദേശിക ജാഗ്രത കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തൃശൂരില്‍ ക്രിസ്ത്യന്‍ വോട്ടടക്കം ബിജെപിയ്ക്ക് അനുകൂലമായി 86,000 വോട്ടുകള്‍ കിട്ടിയെന്ന് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടാണ് ചോര്‍ന്നതെന്നും തൃശൂര്‍ കോണ്‍ഗ്രസില്‍ അതിഗുരുതര സ്ഥിതിയാണെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ചെലവിലാണ് ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.