കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസം? ചോദ്യത്തിന് ഉത്തരം നല്‍കി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനത്തിലെ വ്യത്യാസം എന്താണെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ച്ചക്കിടയിലാണ് രാഹുലിന് നേരെ ഈ ചോദ്യം വന്നത്. രാജ്യത്തെ വിഭവങ്ങള്‍ കൂടുതല്‍ നീതിപൂര്‍വ്വം വിതരണം ചെയ്യപ്പെടണമെന്നാണ് കോണ്‍ഗ്രസും യുപിഎ മുന്നണിയും ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച വിശാലവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ബിജെപിക്ക് അക്രമസ്വഭാവമാണുള്ളത്. അതിസമ്പന്നരില്‍ നിന്ന് സമ്പത്ത് അല്‍പ്പാല്‍പ്പമായി സമൂഹത്തിലേക്ക് അരിച്ചിറങ്ങും എന്ന സിദ്ധാന്തമാണ് അവര്‍ക്കുള്ളത്. ജനങ്ങള്‍ തമ്മില്‍ യോജിപ്പുണ്ടാവുന്നതും പോരടിക്കുന്നത് കുറയുന്നതും രാജ്യത്തിന് നല്ലതാണെന്നാണ് കോണ്‍ഗ്രസും യുപിഎയും വിശ്വസിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. സ്വകാര്യവല്‍ക്കരണത്തിലൂടെയും സാമ്പത്തിക പ്രോത്സാഹനത്തിലൂടെയും ഗുണനിലവാരമുള്ള വിദ്യഭ്യാസം നേടാനാവില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ” വിദ്യഭ്യാസത്തിനും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ പണം ചെലവഴിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള വിദ്യഭ്യാസം ഉറപ്പുനല്‍കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം എല്ലാം സ്വകാര്യവല്‍ക്കരിക്കുകയാണെന്ന് ഞാന്‍ കരുതുന്നില്ല. രാജ്യത്തെ ഏറ്റവും മികച്ച വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. മദ്രാസ് ഐഐടിയും അതിലൊന്നാണ്. വിദ്യഭ്യാസത്തിനായി സര്‍ക്കാരുകള്‍ കൂടുതല്‍ പണം ചിലവഴിക്കണമെന്ന് ഞാന്‍ വാദിക്കുന്നു.”-രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ നിലവിലെ വിദ്യഭ്യാസ സമ്പ്രദായം കുട്ടികളുടെ ഭാവനയെ അഭിവൃദ്ധിപ്പെടുത്താന്‍ അനുവദിക്കുമെന്ന് കരുതുന്നില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. ‘ഇക്കാര്യത്തില്‍ നിങ്ങള്‍ എന്നോട് യോജിക്കില്ലായിരിക്കാം. നിലവിലെ വിദ്യഭ്യാസ സമ്പ്രദായം വളരെ നിയന്ത്രിതമായ, മുകളില്‍ നിന്ന് താഴേക്കുള്ള സംവിധാനമാണെന്ന് ഞാന്‍ കരുതുന്നു… കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയ്ക്കിടെ ആയിരക്കണക്കിന് കുട്ടികളുമായി ഞാന്‍ സംസാരിച്ചു. എന്തായിത്തീരാന്‍ ആഗ്രഹിക്കുന്നുവെന്ന് അവരോട് ചോദിച്ചു. വക്കീലോ ഡോക്ടറോ എഞ്ചിനീയറോ സൈനികനോ ആവാനാണ് ആഗ്രഹമെന്നാണ് കൂടുതല്‍ പേരും പറഞ്ഞത്. ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് ഈ മേഖലകളിലേക്ക് പോവൂ എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ വിദ്യഭ്യാസ സമ്പ്രദായം പല കാര്യങ്ങളെയും അവഗണിക്കുന്നു, അത് പല തൊഴിലുകളെയും വിലകുറച്ചു കാണിക്കുന്നു. നാലോ അഞ്ചോ തൊഴിലുകളെ അമിതമായി വിലമതിക്കുന്നു. ഇത് മാറേണ്ടതുണ്ട്.”-രാഹുല്‍ഗാന്ധി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *