സൂക്ഷിച്ചോളൂ.. നിങ്ങൾക്കും വരാം ഈ ഫോൺ കോൾ; നഷ്ടമാകുന്നത് ലക്ഷങ്ങൾ, വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം

തിരുവനന്തപുരം : സ്കൂൾ, കോളേജ് വിദ്യാർഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതിനിടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്ന വ്യാജേന പണം തട്ടുന്ന സംഘമുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടതെന്താണെന്നും പോലീസ് വിവരിക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

വാട്സ്ആപ്പ് കോളിലൂടെയാണ് സംഘം തട്ടിപ്പിനിരയാക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മയക്കുമരുന്നുമായി കുട്ടിയെ പിടികൂടിയെന്നും ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറയുന്ന ഉദ്യോഗസ്ഥർ കേസ് ഒഴിവാക്കി നൽകാനായി പണം ആവശ്യപ്പെടുകയാണ് ചെയ്യുക. 50,000 രൂപ മുതൽ മുകളിലേക്കാണ് ഇവർ ആവശ്യപ്പെടുന്നത്. ഫോൺ കോൾ വിശ്വസിച്ച് കുട്ടിയെ വിട്ടുകിട്ടാനായി പണം നൽകാൻ രക്ഷിതാക്കൾ നിർബന്ധിതരാക്കപ്പെടും. പണം കൈമാറി കഴിഞ്ഞാൽ മാത്രമേ തട്ടിപ്പിനിരയായ വിവരം മനസിലാകൂവെന്നും പോലീസ് പറയുന്നു.

ഇത്തരത്തിൽ തട്ടിപ്പിനിരയായാൽ ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണ്. ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം.

_കേരള പോലീസിന്‍റെ മുന്നറിയിപ്പ്_ :

‘സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്.

മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു.

ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. 50,000 രൂപ മുതൽ എത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക.’

കഴിഞ്ഞദിവസങ്ങളിൽ സമാനമായ നിരവധി പരാതികൾ റിപ്പോർട്ട് ചെയ്തിരുന്നു. പാഴ്സലിന്‍റെ പേരിൽ പ്രമുഖ കൊറിയർ കമ്പനിയിൽ നിന്നെന്നു വിശ്വസിപ്പിച്ച് വീഡിയോ കോളിലൂടെയാണ് പല ആളുകളെയും തട്ടിപ്പിന് ഇരയാക്കിയത്. നിങ്ങളുടെ വിലാസത്തിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകളോ വ്യാജ രേഖകളോ കൊറിയർ ആയി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *