ലാസ് വേഗാസ് : പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട കളിയിൽ ഉറുഗ്വെയോട് അടിയറവു പറഞ്ഞ് ബ്രസീൽ. കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ നിശ്ചിത സമയത്ത് ഗോളടിക്കാതെ മുന്നേറിയ മത്സരത്തിന്റെ വിധിനിർണയം നേരെ ടൈബ്രേക്കറിലെത്തുകയായിരുന്നു. എഡേർ മിലിറ്റാവോയും ഡഗ്ലസ് ലൂയിസും കിക്കുകൾ പാഴാക്കിയതോടെ ഷൂട്ടൗട്ടിൽ 2-4നാണ് മുൻ ലോക ചാമ്പ്യന്മാരുടെ നിരാശാജനകമായ പടിയിറക്കം. 74-ാം മിനിറ്റിൽ നാൻഡെസ് ചുകപ്പുകാർഡ് കണ്ട് പുറത്തായി ആളെണ്ണം കുറഞ്ഞിട്ടും തളരാതെ പിടിച്ചുനിന്നാണ് ഉറുഗ്വെ വിധിനിർണയം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. അവസാന ഘട്ടത്തിൽ എതിരാളികൾക്ക് അംഗസംഖ്യ കുറഞ്ഞ ആനുകൂല്യം മുതലെടുക്കാൻ മഞ്ഞപ്പടക്ക് കഴിഞ്ഞില്ല. സെമിഫൈനലിൽ കൊളംബിയയാണ് ഉറുഗ്വെയുടെ എതിരാളികൾ.
കളിയഴകിന്റെ ചരിത്രവും പാരമ്പര്യവുമൊന്നുമല്ല ലാസ് വെഗാസിൽ പാരഡൈസിലെ പുൽമൈതാനത്ത് വിരിഞ്ഞത്. ഫൗളും കൈയാങ്കളികളും വിരസമാക്കിയ മത്സരത്തിൽ ചുകപ്പുകാർഡിന്റെ അലങ്കാരവും ‘ജോഗോ ബോണിറ്റോ’യെന്ന ആകർഷക പാരമ്പര്യത്തിന്റെ നിറംകെടുത്തി. തെക്കനമേരിക്കയിലെ കരുത്തർ ഏറ്റുമുട്ടിയ കളി ആകർഷണീയ നീക്കങ്ങളും അഴകുറ്റ പന്തടക്കവുമൊന്നുമില്ലാതെ അധിക സമയവും വിരസമായി. കളിക്കുന്നതിനേക്കാളേറെ കൈയാങ്കളിക്ക് കൂടുതൽ താരങ്ങളും താൽപര്യം കാട്ടിയപ്പോൾ മിന്നുന്ന നീക്കങ്ങൾ മത്സരത്തിൽനിന്നകന്നുനിന്ന കാഴ്ചയായിരുന്നു.
ആക്രമണങ്ങളിൽ ഉറുഗ്വെയാണ് മികച്ചുനിന്നത്. ബ്രസീലിന്റെ ഹാഫിലേക്ക് നിരന്തരം കയറിയെത്തിയെങ്കിലും അവരുടെ മുന്നേറ്റ നിരക്ക് ഒട്ടും ലക്ഷ്യബോധമില്ലാതെ പോയി. ഒരുമണിക്കൂറിനിടെ ഒരുഡസൻ മുന്നേറ്റങ്ങൾ വല ലക്ഷ്യമിട്ട് നടത്തിയെങ്കിലും നെറ്റിനുനേരെ അവർ പന്തുതൊടുത്തത് ഒരുതവണ മാത്രം. ബ്രസീലിന്റെ കണക്കിൽ ഈ സമയത്ത് അഞ്ചു മുന്നേറ്റങ്ങൾ മാത്രം. അവയിൽ രണ്ടും പക്ഷേ, ടാർഗറ്റിലേക്കായിരുന്നു. റോഡ്രിഗോയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്തിയതിനാണ് അർജന്റീനക്കാരൻ റഫറി 74-ാം മിനിറ്റിൽ വാൻഡേസിനെ ചുകപ്പുകാർഡ് കാട്ടി പുറത്താക്കിയത്. അതിനുശേഷം പന്തിന്മേൽ മേധാവിത്വം സ്ഥാപിക്കാനായെങ്കിലും മൂർച്ചയേറിയ മുന്നേറ്റങ്ങൾ ബ്രസീലിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
ആദ്യപകുതിയിൽ ഉറുഗ്വെക്ക് ലഭിച്ച സുവർണാവസരം ഡാർവിൻ നുനെസിന് വലയിലെത്തിക്കാനാകാതെ പോയി. വലതു വിങ്ങിൽനിന്ന് എഡ്ഗാർ മിലിറ്റാവോയെ കബളിപ്പിച്ച് നാൻഡെസ് നൽകിയ ക്രോസിൽ വലക്കുമുന്നിൽനിന്ന് നൂനെസ് തൊടുത്ത ഹെഡർ പുറത്തേക്കായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ റാഫിഞ്ഞയുടെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോളി സെർജിയോ റോഷെ ഉറുഗ്വെയുടെ രക്ഷകനായി. സസ്പെൻഷനിലായ വിനീഷ്യസ് ജൂനിയറില്ലാതെ യാണ് ബ്രസീൽ കളത്തിലിറങ്ങിയത്.