കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പതിനഞ്ചംഗ ടീമിനു മാത്രമല്ല, സെലക്റ്റർമാരടക്കം ലോകകപ്പിനു പോയ സംഘത്തിലെ 42 പേർക്കായാണ് 125 കോടി രൂപ വീതിച്ചു നൽകുക
മുംബൈ: ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപയുടെ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ടീമിൽ അംഗങ്ങളായ 15 പേർക്കു മാത്രമായിരിക്കില്ല ഈ തുകയുടെ വിഹിതം കിട്ടുക. പരിശീലകസംഘവും റിസർവ് താരങ്ങളും അടക്കം ലോകകപ്പിനു പോയ സംഘത്തിലെ 42 പേർക്കും ഏറ്റക്കുറച്ചിലുകളോടെ ഈ തുക വീതിച്ചു നൽകും.
പതിനഞ്ചംഗ ടീമിലെ മൂന്നു പേർക്കാണ് ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും അവസരം കിട്ടാതിരുന്നത് – സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, യുസ്വേന്ദ്ര ചഹൽ എന്നിവർക്ക്. ഇവരടക്കം പതിനഞ്ച് ടീമംഗങ്ങൾക്കും അഞ്ച് കോടി രൂപ വീതം നൽകും. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനും ഇതേ തുകയാണ് ലഭിക്കുക.
ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ഫീൽഡിങ് കോച്ച് ടി. ദിലീപ്, ബൗളിങ് കോച്ച് പരസ് മാംബ്രെ എന്നിവർക്ക് രണ്ടരക്കോടി വീതം. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് ഓരോ കോടി രൂപയാണ് നൽകുക.
സപ്പോർട്ട് സ്റ്റാഫിൽ ഉൾപ്പെടുന്ന മൂന്നു ഫിസിയോതെറാപ്പിസ്റ്റുകൾക്കും മൂന്നു ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾക്കും രണ്ട് തിരുമ്മൽ വിദഗ്ധർക്കും, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചിനും രണ്ട് കോടി രൂപ വീതം.
പതിനഞ്ചംഗ ടീം കൂടാത ട്രാവലിങ് റിസർവുകളായി ഉൾപ്പെടുത്തിയിരുന്ന റിങ്കു സിങ്, ശുഭ്‌മൻ ഗിൽ, ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവർക്ക് ഓരോ കോടി രൂപ നൽകും.