ഹൈദരാബാദ്: സന്തോഷ് ട്രോഫിയുടെ രാജാക്കന്മാർ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ പ്രേമികൾ. ഇന്ന് നടക്കുന്ന ആവേശകരമായ ഫൈനലിൽ കേരളവും ബംഗാളുമാണ് കിരീടപോരാട്ടത്തിൽ മാറ്റുരക്കുന്നത്. ഹൈദരാബാദിൽ ഇന്ന് രാത്രി 7.30നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഇന്നത്തെ പുതുവത്സരരാത്രയിൽ ന്യൂ ഇയർ സമ്മാനമായി സന്തോഷ് ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തുമെന്നുതന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ബംഗാളും കേരളവും കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. സെമി ഫൈനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്ക് മുന്നേറിയത്. സർവീസസിനെ 4-2 എന്ന ആവേശകരമായ സ്കോറിൽ വീഴ്ത്തിയുമാണ് ബംഗാളിൻ്റെ വരവ്. രണ്ട് ടീമുകളുടെയും മുന്നേറ്റ നിര അതിശക്തമാണ്. യോഗ്യത റൗണ്ട് മത്സരങ്ങൾ മുതൽ 35 ഗോളുകളാണ്
കേരളം സ്കോർ ചെയ്‌തിട്ടുള്ളത്.
ബംഗാൾ 27 ഗോളുകളും നേടി.
കേരളത്തിനായി ഒമ്പത് ഗോളുകൾ നേടി മുഹമ്മദ് അജ്സലും എട്ട് ഗോളുകളും നേടി നസീബ് റഹ്മാനും മികച്ച ഫോമിലാണ് ഉള്ളത്. സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി ഹാട്രിക് നേടിയ മുഹമ്മദ് റോഷാലും കേരളത്തിന് പ്രതീക്ഷ നൽകുന്ന താരമാണ്. 11 ഗോളുകൾ നേടിക്കൊണ്ട് മിന്നും ഫോമിലുള്ള റോബി ഹൻസ്‌ദയിലാണ് ബംഗാളിന്റെ പ്രതീക്ഷകൾ.
സന്തോഷ് ട്രോഫിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ബംഗാൾ കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണ്. 32 തവണയാണ് ബംഗാൾ സന്തോഷ് കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയ ടീമും ബംഗാൾ തന്നെയാണ്. കേരളം ഇതുവരെ ഏഴ് സന്തോഷ് ട്രോഫി കിരീടങ്ങളാണ് നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളവും ചരിത്രത്തിലെ 33-ാം കിരീടം സ്വന്തമാക്കാൻ ബംഗാളും കളത്തിൽഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.