റിയാദ്: ഈ വർഷത്തെ ഹജ്ജ് 2025 ക്രമീകരണങ്ങളുടെ ഭാഗമായി മക്കയില്‍ വിസിറ്റ് വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29 ന് നിലവില്‍ വരുമെന്ന് ഹജ്ജ് – ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ദുല്‍ഖഅ്ദ ഒന്നു (പ്രതീക്ഷിക്കുന്ന തീയതി – ഏപ്രില്‍ 29) മുതല്‍ ദുല്‍ഹജ് 14 (പ്രതീക്ഷിക്കുന്ന തീയതി: ജൂണ്‍ 11) വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാര്‍ മക്കയില്‍ പ്രവേശിക്കുന്നതിനും വിശുദ്ധ നഗരിയിൽ തങ്ങുന്നതിനും വിലക്കേർപ്പെടുത്തി. സന്ദര്‍ശന വിസക്കാര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാനും അനുമതിയില്ല. ഇക്കാര്യങ്ങള്‍ പുതുതായി ഇഷ്യു ചെയ്യുന്ന വിസിറ്റ് വിസകളില്‍ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് വിദേശികൾ വിസിറ്റ് വിസകളില്‍ എത്തി അനധികൃതമായി സൗദിയില് തങ്ങി ഹജ്ജ് കര്‍മം നിര്‍വഹിച്ചിരുന്നു. ഇത് ഹജ്ജ് നടത്തിപ്പിനെയും ബാധിക്കുക ഉണ്ടായി. ഇതോടെയാണ് സൗദി നടപടി ശക്തമാക്കിയത്.
ഹജ്ജ് വിസ ലഭിക്കാത്തവരെ ഹജ്ജിന് ഏറെ മുമ്പ് ഉംറ വിസയിലും വിസിറ്റ് വിസയിലും മക്കയിലെത്തിച്ച് ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്‍സികളും കൈയൊഴിയുന്ന പതിവുണ്ട്. ഹജ്ജ് നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തി നല്‍കുമെന്ന് ഉറപ്പുനല്‍കിയാണ് തീര്‍ഥാടകരെ ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്‍സികളും കബളിപ്പിച്ചത്. ഇങ്ങനെ എത്തിയ നിരവധി പേര് മരിക്കുകയും ചെയ്തു. അതികഠിനമായ ചൂടില്‍ താമസ, യാത്രാ സൗകര്യങ്ങളും ഭക്ഷണവും ലഭിക്കാതെ ദേഹാസ്വാസ്ഥ്യങ്ങള്‍ നേരിട്ട് ആണ് പ്രായം ചെന്നവര്‍ അടക്കമുള്ള തീര്‍ഥാടകര്‍ മരിച്ചത്. കഴിഞ്ഞ ഹജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ മരണപ്പെട്ടവരില്‍ 90 ശതമാനത്തിലേറെ പേരും വിദേശങ്ങളില്‍ നിന്നെത്തിയ അനധികൃത തീര്‍ഥാടകരായിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി ഈജിപ്തിലും ജോര്‍ദാനിലും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും നിരവധി ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ട്രാവല്‍ ഏജന്‍സികളുടെയും ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത്തരക്കാരെ കണ്ടെത്താൻ ഈ വർഷം ശക്തമായ പരിശോധനയാകും മക്കയിൽ നടത്തുക.