ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരേ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു 

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റതായുമാണ് വിവരം. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരർ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികൾ എത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരർ ഓടിരക്ഷപ്പെട്ടു.

അതേസമയം ദില്ലിയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. രാത്രി എട്ട് മണിയോടെ ഇവിടെയെത്തുന്ന അദ്ദേഹം ആക്രമണം നടന്ന സ്ഥലം ഇന്ന് തന്നെ സന്ദർശിക്കുമെന്നാണ് കരുതുന്നത്. ജമ്മു കശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം വീഡിയോ കോൺഫറൻസ് വഴി നേരത്തെ സംസാരിച്ചിരുന്നു. സൗദിയിൽ നിന്ന് ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം വിഷയം സംസാരിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *