റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാം. ഇതിനോടൊപ്പമുള്ള ക്യൂ.ആര്. കോഡ് സ്കാന്‍ ചെയ്ത് നെക്സറ്റ് ജന്‍ എം പരിവാഹന്‍ സൈറ്റിലുടെ പരാതി നല്‍കാം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ചെയ്യേണ്ടത്: ക്യൂ.ആര്. കോഡ് സ്കാന്‍ചെയ്ത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നെക്സ്റ്റ് ജന്‍ എം പരിവാഹന്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അപ്ലിക്കേഷനില്‍ സംസ്ഥാനം, നമ്മുടെ പേര്, മൊബൈല്‍നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവനല്കി പാസ്വേഡ് സെറ്റുചെയ്തശേഷം ഒറ്റത്തവണ പാസ്വേഡുപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം ആപ്പിലെ സിറ്റിസണ്‍ സെന്റിനല്‍ ബട്ടണ്‍ ക്ലിക്കുചെയ്യുക.
അതിനുശേഷംവരുന്ന സ്ക്രീനില്‍, മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ ഫോട്ടോയും 10സെക്കന്‍ഡ് വിഡിയോയും റെക്കോഡ് ചെയ്യുക. വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തി ഏതുതരം നിയമലംഘനമാണെന്ന് തിരഞ്ഞെടുത്ത് റിമാര്‍ക്ക് കോളത്തില്‍ നിയമലംഘനത്തെക്കുറിച്ചുള്ള ചെറിയ വിവരണം നല്കി രജിസ്റ്റര്‍ചെയ്യണം. ഈ വിവരങ്ങള്‍ ആര്.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് കേസെടുത്ത് മേല്‍നടപടി സ്വീകരിക്കും.
പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്
പാലക്കാട്: റോഡപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കുന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ബസുകളുള്‍പ്പെടെ എല്ലാ വാഹനങ്ങളുടെയും വേഗപരിശോധന നടത്തുന്നത്.
പാലക്കാട്-കൊഴിഞ്ഞാമ്പാറ പാതയിലെ അപ്പുപ്പിള്ളയൂരില്‍ കഴിഞ്ഞദിവസം നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഈ റൂട്ടിലുള്‍പ്പെടെയുള്ള വാഹന ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കുമായി എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. പ്രത്യേക നിര്‍ദേശങ്ങളും നല്കി. അപ്പുപ്പിള്ളയൂരിലെ ബസപകടത്തിന് കാരണം റോഡിന്റെ തകരാറാണെന്ന് ആരോപിച്ച് ബസ് ജീവനക്കാര്‍ ഒരുദിവസം മിന്നല്‍ പണിമുടക്കും നടത്തി.
യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അസൗകര്യമുണ്ടാവുന്ന തരത്തിലുള്ള പണിമുടക്കുകള്‍ പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനവും വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കപ്പെടാന്‍ മതിയായ കുറ്റവുമാണെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വാഹനമോടിക്കുന്ന സ്ഥലത്തിന്റെ സ്വഭാവം, അവസ്ഥ എന്നിവ പരിഗണിക്കാതെ വാഹന യാത്രക്കാര്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും ആശങ്കയോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന വിധത്തില്‍ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണെന്നും മോട്ടോര്‍വാഹനവകുപ്പ് അറിയിപ്പില്‍ പറഞ്ഞു.
തകരാറുള്ള റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
റോഡിന്റെ ഇടതുവശംചേര്‍ന്നുമാത്രം വാഹനം ഓടിക്കുക.
തിരിവുകളിലും മറ്റ് നേര്‍ക്കാഴ്ചയില്ലാത്ത സ്ഥലങ്ങളിലും മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യരുത്.
ബസുകളുടെ വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തരുത്
ബസുകളുടെ ഹെഡ് ലൈറ്റുകളും വാണിങ് ലൈറ്റുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം.
രാത്രി എതിരെ വാഹനംവരുമ്പോള്‍ ഹൈബീം ലൈറ്റ് ഉപയോഗിക്കരുത്. ആവശ്യത്തിലധികം ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിക്കരുത്.
വാഹനം ബസ്ബേയില്‍ മാത്രം നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുക. റോഡിന്റെ നടുവിലേക്ക് വാഹനം നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യരുത്.
എല്ലാ ട്രാഫിക് നിയമങ്ങളും കര്‍ശനമായി പാലിക്കണം
പാലക്കാട്-കൊഴിഞ്ഞാമ്പാറ റൂട്ടില്‍ യാത്രാ ബസുകള്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങള്‍ നല്കി. ആര്.ടി.ഒ. (എന്‍ഫോഴ്സ്മെന്റ്) വി.ടി. മധുവിന്റെ നിര്‍ദേശപ്രകാരമാണ് സുരക്ഷാമുന്നറിയിപ്പ് നല്‍കിയത്. എം.വി.ഐ. എസ്. രാജന്, എ.എം.വി.ഐ. മാരായ എ. ഹരികൃഷ്ണന്, കെ. ദേവിദാസന് എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.