മലപ്പുറം: സമസ്തയിൽ രണ്ടു വിഭാഗമില്ലെന്നും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇപ്പോഴില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്. മലപ്പുറത്തുവെച്ചു നടന്ന ലീഗ്- സമസ്ത സമവായ ചർച്ചയ്ക്കു ശേഷം നേതാക്കൾ സംയുക്തമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാത്തതെയാണ് ചർച്ച അവസാനിച്ചത്.
ലീഗ് വിരുദ്ധ വിഭാഗത്തിന്റെ അസാന്നിധ്യത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിലർ വരാൻ സാധിക്കില്ലെന്ന് അസൗകര്യം അറിയിച്ചെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. ‘അഭിപ്രായ വ്യത്യാസങ്ങളൊക്കെ സ്വാഭാവികമാണ്. പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല. ആരുടേയെങ്കിലും പേരിൽ നടപടിയെടുക്കാൻ വേണ്ടിയുള്ളതല്ല ചർച്ച. സമസ്തയിൽ ഭിന്നതയില്ല’, അദ്ദേഹം വ്യക്തമാക്കി.
സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരേ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ജിഫ്രി തങ്ങൾ തയ്യാറായില്ല. മുനമ്പം വിഷയം സമസ്ത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിപ്രായ വ്യത്യാസമുണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും കൂടിയിരുന്ന് ആലോചിച്ച് അതിനൊരു പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ചർച്ച വെച്ചതെന്നും ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘ചർച്ചയിലേക്ക് എല്ലാവരേയും വിളിച്ചുചേർത്തിരുന്നു. വിമത വിഭാഗമെന്നോ ഔദ്യോഗിക വിഭാഗമെന്നോ ഉള്ള ചേരിതിരിവ് ഇല്ല. എല്ലാവരും ഔദ്യോഗിക വിഭാഗമാണ്. കുറച്ചുപേർ വന്നു, കുറച്ചുപേർക്ക് വരാൻ സാധിക്കില്ലെന്നു പറഞ്ഞു. സമസ്ത ഒറ്റക്കെട്ടായി പോകണമെന്നത് സുന്നികളുടെ മാത്രം ആവശ്യമല്ല. അത് സമൂഹത്തിന്റെ ആവശ്യമാണ്. അതിന് വീഴ്ച വരാൻ പാടില്ലാ എന്ന ഉദ്ദേശത്തോടെയാണ് ചർച്ച നടത്തിയത്. പങ്കെടുക്കാത്ത വിഭാഗവുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തും’, അദ്ദേഹം വ്യക്തമാക്കി.









