പെരിന്തൽമണ്ണ: അപകടത്തില്‍ പെട്ട ബൈക്കിന്റെ ഇന്‍ഷുറന്‍സ് പോളിസി ഉടമയുടെ പേരിലല്ലെന്ന് പറഞ്ഞു മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് നിഷേധിച്ച ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും പലിശ സഹിതം നല്കാന് ഉപഭോക്തൃ ഫോറം വിധി.
ക്ലെയിം നിരസിച്ച സ്വകാര്യ ഇന്‍ഷുറന്‍സ് കമ്ബനിക്കെതിരെയാണ് 15 ലക്ഷം രൂപയും ഒമ്ബത് ശതമാനം പലിശയും നഷ്ടപരിഹാരമായ ഒരു ലക്ഷം രൂപയും കോടതി ചെലവും നല്കാന് മലപ്പുറം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചത്.പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി മറുകര മുഹമ്മദ് ആരിഫ് അപകടത്തില്‍ മരണപ്പെട്ട കേസില്‍ ആരിഫിന്റെ സഹോദരന് നൂര്‍ മുഹമ്മദ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന് വിധി.
2023 ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. ആരിഫ് വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ഇരുചക്രവാഹനത്തില്‍ സുഹൃത്ത് റഷീദുമൊത്ത് സഞ്ചരിച്ചിരിക്കവേ വാഹനം പെരിന്തല്‍മണ്ണ മനഴി സ്റ്റാന്‍ഡിന് സമീപം അപകടത്തില്‍പെട്ടു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ആരിഫ് മരിച്ചു. ഇരുചക്രവാഹനത്തിന്റെ ആര്.സി. ആരിഫിന്റെ പേരിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്‍ഷുറന്‍സ് മാറ്റിയിരുന്നില്ല. ഇക്കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്ബനി തുക നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് സഹോദരന് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.
വസ്തുത പരിശോധിച്ച് ആരിഫിന്റെ അനന്തരാവകാശികള്‍ എന്ന നിലക്ക് പിതാവ് മൊയ്തീന്, മാതാവ് ജമീല എന്നിവര്‍ക്ക് തുക നല്കാന് ഫോറം കമീഷന് വിധിക്കുകയായിരുന്നു.









