മലപ്പുറം: മൊബൈൽഫോൺ വാങ്ങി ഏതാനും മാസങ്ങൾക്കകം ഡിസ്പ്ലേ തകരാറിലായതിനെത്തുടർന്ന് നൽകിയ പരാതിയിൽ വേങ്ങര ഇരിങ്ങല്ലൂർ സ്വദേശിക്ക് നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്.
ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 94,000 രൂപ വിലയുള്ള ഐ ഫോൺ വാങ്ങിയ പി.സി. കാർത്തികിന് അനുകൂലമായാണ് കോടതി വിധിയുണ്ടായത്. പരാതിയിലെ എതിർകക്ഷികളായ ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐ കെയർ ഹൈലൈറ്റ് മാൾ എന്നിവരോട് ഫോൺ വിലയും ഇ.എം.ഐ. ചാർജായി 2000 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും കോടതിചെലവായി 10,000 രൂപയുമടക്കം 1,26,000 രൂപ നൽകാനാണ് വിധിച്ചത്.
കമ്മിഷൻ പ്രസിഡന്റ് കെ.മോഹൻദാസ്, അംഗങ്ങളായ സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ സമിതിയാണ് ഉത്തരവിട്ടത്. പരാതിക്കാരനു വേണ്ടി അഡ്വ. ടി. സിയാദ് അലി, അഡ്വ. ഹാരിസ് പഞ്ചിളി എന്നിവർ ഹാജരായി.









