ഊട്ടിയിലേക്കുള്ള യാത്രക്കാര്‍ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കാനും, വാഹനം കണ്ടുകെട്ടാനും ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാരില്‍ ഒരാളെങ്കിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശംവച്ചെന്ന് കണ്ടെത്തിയാല്‍ അയാള്‍ യാത്രചെയ്ത ബസ്സോ ടൂറിസ്റ്റ് വണ്ടിയോ കണ്ടുകെട്ടുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.

നീലഗിരിയില്‍ പ്ലാസ്റ്റിക് നിരോധനം പ്രാവർത്തികമാക്കാൻ ഇത്തരം കർശന നടപടികള്‍കൊണ്ടുമാത്രമേ സാധിക്കൂ എന്ന് ജസ്റ്റിസ് എൻ. സതീഷ്കുമാറും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം ഫലപ്രദമായി നടപ്പാകുന്നുണ്ടോ എന്ന വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതി ജില്ലാകളക്ടർക്ക് കർശനനിർദേശം നല്‍കിയത്.
നീലഗിരിയിലേക്കുള്ള യാത്രക്കാർ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശം വെക്കുന്നതായി കണ്ടാല്‍ വാഹന ഉടമയില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കളക്ടർ ലക്ഷ്മി ഭവ്യ തണ്ണീര് അറിയിച്ചു. അതേസമയം, തെറ്റ് ആവർത്തിച്ചാല്‍ പെർമിറ്റ് റദ്ദാക്കും. ഗതാഗതസ്തംഭനം ഉണ്ടാകുമെന്നതിനാല്‍ മുഴുവൻ വാഹനങ്ങളും തടഞ്ഞു നിർത്തി പരിശോധിക്കുന്നത് പ്രാവർത്തികമല്ലെന്നും കലക്ടർ വ്യക്തമാക്കി. വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *