മൂന്ന് തവണ ജയിച്ചവർക്ക് സീറ്റ് നൽകില്ല; കുഞ്ഞാലിക്കുട്ടിക്കും മുനീറിനും ഒഴികെ

കോഴിക്കോട്: മൂന്ന് ടേം  നിബന്ധന നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായി നടപ്പിലാക്കാൻ മുസ്‍ലിം ലീഗ് തീരുമാനം. ഇതുപ്രകാരം മൂന്ന് തവണ നിയമസഭയിലേക്ക് വിജയിച്ചവർ മത്സരത്തിൽ നിന്ന് മാറിനിൽക്കണം. ഇവർക്ക് അടുത്ത വർഷത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല. എന്നാൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നീ മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകും. ഇതോടെ ഇരു നേതാക്കൾക്കും ഇക്കുറിയും സീറ്റ് ലഭിക്കും.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് 30% സീറ്റ് യുവജനങ്ങൾക്ക് നൽകാനും ലീഗിൽ ആലോചനയുണ്ട്. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഈ നിബന്ധനകൾ ചർച്ചക്ക് വെക്കും.

പി.കെ കുഞ്ഞാലിക്കുട്ടി(വേങ്ങര), എം.കെ മുനീർ(കൊടുവള്ളി), പി.കെ ബഷീർ(ഏറനാട്), മഞ്ഞളാംകുഴി അലി(മങ്കട), പി.ഉബൈദുല്ല(മലപ്പുറം),എന്‍.എ നെല്ലിക്കുന്ന്(കാസർകോട്), അഡ്വ. എന്‍ ഷംസുദ്ദീന്‍(മണ്ണാർക്കാട്) എന്നീ ഏഴ് പേരാണ് മൂന്ന് തവണയോ അതില്‍ കൂടുതലോ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലീഗ് എംഎൽഎമാർ.

യുഡിഎഫിൻ്റെ കൂടെ മുഖമായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പായും ഇളവ് നല്‍കും. എന്നാല് മുൻമന്ത്രി എം.കെ മുനീറിന് മത്സരിക്കാന്‍ ആരോഗ്യം അനുവദിക്കുമെങ്കില്‍ ഇളവ് നല്‍കാമെന്നതാണ് ഇപ്പോഴത്തെ ധാരണ. പി.കെ ബഷീർ, മഞ്ഞളാംകുഴി അലി, എന്‍.എ നെല്ലിക്കുന്ന്, പി. ഉബൈദുല്ല, അഡ്വ. എന്‍ ഷംസുദ്ദീന്‍ എന്നീ അഞ്ചു പേർക്ക് അവസരം നിഷേധിക്കാന്‍ സാധ്യത ഏറെയാണ്. യുഡിഎഫിന് ഭരണം ലഭിക്കുകയും വിജയിക്കുകയും ചെയ്താൽ മന്ത്രി ആകാൻ സാധ്യത ഉള്ളയാളാണ് ബഷീർ.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം വ്യവസ്ഥ 2020ല്‍ തന്നെ മുസ്‌ലിം ലീഗ് നടപ്പാക്കിയതാണ്. ഇത്തവണയും വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് മുസ്‌ലിം ലീഗിന്‍റെ മലപ്പുറം ജില്ലാ നേതൃയോഗങ്ങളില്‍ അഭിപ്രായമുയർന്നിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായത്തെ ശക്തമായി എതിർക്കാന്‍ മുന്നിലുണ്ടായിരുന്നത് പി.കെ ബഷീറായിരുന്നു. അദ്ദേഹത്തിന് ലീഗിൽ പിന്തുണയും ഉണ്ട്. അതേസമയം കുഞ്ഞാലിക്കുട്ടിക്കും മുനീരിനും മാത്രം ഇളവ് നൽകുന്നതിലും വിയോജിപ്പ് ഉണ്ട്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *