കോഴിക്കോട്: സമസ്തയിലെ ഭിന്നത പരിഹരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കടുത്ത നിലപാടുമായി ലീഗ് അനുകൂല വിഭാഗം. (Samastha-muslim league division Reconciliation meeting) മുസ്‌ലിം ലീഗിനും പാണക്കാട് തങ്ങള്‍ക്കുമെതിരേ ഒരു വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും അത്തരം നടപടികള്‍ സ്വീകരിക്കുന്നവരുമായി ഒത്തുപോകാന്‍ സാധ്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ സമസ്ത 100ആം വാര്‍ഷികം രണ്ടായി ആഘോഷിക്കേണ്ടിവരുമെന്നും യോഗത്തില്‍ മുന്നറിയിപ്പുണ്ടായി.
1989ല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ സമാന്തര സംഘടന രൂപവത്കരിച്ച് വേറിട്ട് പോയപ്പോള്‍ സമസ്തയെ പിടിച്ചു നിര്‍ത്തിയത് മുസ്‌ലിം ലീഗാണെന്ന് ലീഗ് അനുകൂല നേതാക്കള്‍ ഓര്‍മിപ്പിച്ചു. കാന്തപുരം സംഘടിപ്പിച്ച എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ലീഗ് പ്രവര്‍ത്തകരെ വിലക്കി. എസ്.എസ്.എഫിന് ബദലായി യൂത്ത്‌ലീഗുകാരെ ഉപയോഗിച്ച് എസ്.കെ.എസ്.എസ്.എഫ് ഉണ്ടാക്കിയതും ലീഗ് നേതൃത്വമാണ്.
കേസുകളുണ്ടായപ്പോള്‍ പണവും സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിരോധിച്ചതും ലീഗാണ്. ഈ ചരിത്രമൊക്കെ വിസ്മരിച്ച് ലീഗിനെയും പാണക്കാട് തങ്ങളെയും തള്ളിപ്പറയുന്നത് മറുവിഭാഗം ഒഴിവാക്കണം. ഇങ്ങനെയാണ് പോക്കെങ്കില്‍ സമസ്ത 100ാം വാര്‍ഷികം സമാന്തരമായി ആഘോഷിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
സി.ഐ.സി പ്രശ്‌നത്തില്‍ അതിന്റെ അധ്യക്ഷനായ സാദിഖലി തങ്ങള്‍ നടത്തുന്ന പരിഹാരശ്രമങ്ങള്‍ പൂര്‍ത്തിയാകാതെ അവരുമായുള്ള ബന്ധം സമസ്ത വിച്ഛേദിക്കാന്‍ പാടില്ല. വാഫി കോഴ്‌സില്‍ കുട്ടികളെ ചേര്‍ക്കല്‍ രക്ഷിതാക്കളുടെ തീരുമാനമാണ്. അതിനെ തടയിടുന്ന നടപടിയുണ്ടാകരുത്.
പാണക്കാട് കുടുംബവും സമസ്തയും തമ്മിലെ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ മഹല്ലുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇരുവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാരുടെ മധ്യസ്ഥതയിലാണ് അവതരിപ്പിച്ചത്. ഇത് രേഖപ്പെടുത്തുകയു ഇരുവിഭാഗത്തെയും വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിലുള്ള തീരുമാനം നേതൃത്വം കൂടിയാലോചിച്ച് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജിഫ്‌രി തങ്ങള്‍ അറിയിച്ചു. അതുവരെ ആരെങ്കിലും പരസ്യമായി പരസ്പരം കുറ്റപ്പെടുത്തുന്ന സമീപനം സ്വീകരിച്ചാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹവും സാദിഖലി തങ്ങളും വ്യക്തമാക്കി.
കേന്ദ്ര മുശാവറ അംഗം മുസ്തഫല്‍ ഫൈസിക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ലീഗ് അനുകൂലികളുടെ ആവശ്യത്തില്‍ മുശാവറയാണ് തീരുമാനമെടുക്കേണ്ടതെന്നും നേതാക്കള്‍ വ്യക്തമാക്കി.
തല്‍ക്കാലിക വെടിനിര്‍ത്തലാണ് ഇന്നലെ നടന്ന യോഗത്തില്‍ രൂപപ്പെട്ടത്. റമദാന്‍ കഴിയുന്നതോടെ സാവകാശം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. അതുവരെ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കും.









