⭕നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ വേനൽക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക..
ഊട്ടിയിലേക്ക് വാരാന്തങ്ങളിൽ ദിവസം 8,000 വണ്ടികളും മറ്റു ദിവസങ്ങളിൽ 6,000 വണ്ടികളും മാത്രമേ കടത്തിവിടാൻ പാടുള്ളൂ. കൊടൈക്കൈനാലിൽ ഇത് യഥാക്രമം 6,000 വണ്ടികൾക്കും 4,000 വണ്ടികൾക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എൻ.സതീശ് കുമാർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചിന്റേതാണ് ഉത്തരവ്..
സർക്കാർ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവർക്കും നിയന്ത്രണം ബാധകമാവില്ല. കാർഷികോത്പ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി..
ഏപ്രിൽ 1 മുതൽ ജൂൺ വരെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കോടതി പറഞ്ഞു. മലയോര മേഖലകളിൽ പ്രവേശിക്കുന്നതിന് ഇ-പാസുകൾ നൽകുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്നും കോടതി അധികാരികളോട് നിർദ്ദേശിച്ചു..
കഴിഞ്ഞ വർഷം ഏപ്രിലിൽ നീലഗിരി കുന്നുകളിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇ-പാസ് എടുക്കണമെന്ന് കോടതി നിർബന്ധമാക്കിയിരുന്നു. നീലഗിരിയിൽ പ്രതിദിനം 20,000 വാഹനങ്ങൾ പ്രവേശിക്കുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഇതോടെയാണ് കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്..
ചുര റോഡുകളുടെ ഗതാഗത ശേഷി നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നതിന് ഐഐഎം-ബാംഗ്ലൂർ, ഐഐടി-മദ്രാസ് എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്..
സംസ്ഥാന സർക്കാർ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച്, സീസൺ അല്ലാത്ത കാലയളവിൽ പ്രതിദിനം ഏകദേശം 1,150 കാറുകൾ, 118 വാനുകൾ, 60 ബസുകൾ, 674 ഇരുചക്ര വാഹനങ്ങൾ എന്നിവ നീലഗിരിയിൽ പ്രവേശിക്കുന്നുണ്ട്. സീസൺ കാലയളവിൽ 11,509 കാറുകൾ, 1,341 വാനുകൾ, 637 ബസുകൾ, 6,524 ഇരുചക്ര വാഹനങ്ങളും നീലഗിരിയിലെത്തുന്നുവെന്നാണ് റിപ്പോർട്ട്.