അബൂദബി: സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനുള്ള സ്വന്തം ഫോട്ടോകള്‍ പരമാവധി ക്ലാരിറ്റി ഉള്ളതാവാനാണ് എല്ലാരും ശ്രമിക്കുക. ഇതിനായി രണ്ടും മൂന്ന് തവണ എടുത്ത് ക്വാളിറ്റി ഉറപ്പാക്കും. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് യുഎഇയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഓണ്‍ലൈനില്‍ ഹൈ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്ന് യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഐഡന്റിറ്റി തെഫ്റ്റ്, സിം സ്വാപ്പിംഗ്, മാന്‍ ഇന്‍ ദി മിഡില്‍ ആക്രമണങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിച്ചേക്കാം എന്നതിനാലാണ് മുന്നറിയിപ്പ്.
ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് വിരലടയാളം അടക്കം ശേഖരിക്കുന്നതിന് തട്ടിപ്പുകാരെ സഹായിക്കും. ഫോട്ടോകളില്‍ വിരലുകളുടെ ഉള്‍ഭാഗം വ്യക്തമായി ദൃശ്യമാണെങ്കില്‍ അതില്‍ നിന്ന് വിരലടയാളം ശേഖരിച്ച് ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും.
ബാങ്ക് അക്കൗണ്ട്, ഇ-സിം എന്നിവ സൃഷ്ടിക്കാന്‍ ആവശ്യമായ ഡിജിറ്റല്‍ ഇമേജ് തയ്യാറാക്കാനും ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കാമെന്ന് മെറ്റ റീജിയണല്‍ സെയില്‍സ് ഡയറക്ടര്‍ അഷ്റഫ് കൊഹെയ്ല്‍ വ്യക്തമാക്കി.
സൈബര്‍ കുറ്റകൃത്യങ്ങള്‍ യുഎഇയില്‍ വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ ക്രിമിനലുകള്‍ കൂടുതലായും വെള്ളിയാഴ്ച രാത്രികളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഈ ദിവസങ്ങളില്‍ സുരക്ഷാ സേവനങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാറില്ലെന്ന് മനസിലാക്കിയാണ് തട്ടിപ്പുകാര്‍ വെള്ളിയാഴ്ച ദിവസങ്ങളെ കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്.
ഡിജിറ്റല്‍ ഇമേജും ജനനത്തീയതിയും ഉപയോഗിച്ച് ക്രിപ്റ്റോ അക്കൗണ്ട് സൃഷ്ടിക്കാന്‍ സാധിക്കും. ഈ അക്കൗണ്ടിലൂടെ പണം തട്ടുകയാണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്.
തീവ്രവാദ ധനസഹായത്തിനായി ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കാമെന്നും സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികളെയാണ് തട്ടിപ്പുകാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അഷ്റഫ് കൊഹെയ്ല്‍ പറഞ്ഞു.