കോഴിക്കോട്: വസ്ത്രം മാറ്റിയെടുക്കാൻ എത്തിയ പന്ത്രണ്ടുകാരനെ കഴുത്തിൽ പിടിച്ച് തള്ളിയ ടെക്സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ.
തൊട്ടിൽപ്പാലം ചാത്തൻകോട്ട് നടയിലെ ചേനക്കാത്ത് അശ്വന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. പ്രതി ജോലി ചെയ്യുന്ന ടെക്സ്‌റ്റൈൽ ഷോപ്പിൽ നിന്ന് വസ്ത്രം മാറ്റിയെടുക്കാൻ എത്തിയതായിരുന്നു കുട്ടി ഒരുപാട് വസ്ത്രങ്ങൾ മാറ്റിനോക്കിയ കുട്ടി തുണി തിരഞ്ഞെടുക്കുന്നതിൽ താമസം നേരിട്ടതിനെത്തുടർന്ന് കുപിതനായ അശ്വന്ത് കുട്ടിയെ ആക്രമിക്കുകയിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.
വസ്ത്രം തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിന് പിടിച്ച് തള്ളുന്നതും ആക്രമിക്കുന്നതും സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമത്തിൽ പരിക്കേറ്റ കുട്ടി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പിതാവിനൊപ്പമെത്തിയ കുട്ടി ഇവിടെ നിന്നും വസ്ത്രം വാങ്ങിയിരുന്നത്. ഇത് പാകമാകാതെ വന്നതിനാൽ മാറ്റിയെടുക്കാൻ ഒറ്റയ്ക്കു വന്നപ്പോഴാണ് ആക്രമണമുണ്ടായത്.