എസ്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിർണയം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇനി ഫലം എന്ന് വരുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് വിദ്യാർഥികള്‍. ഏപ്രില്‍ 26-ാം തീയതി വരെയാണ് മൂല്യനിർണയ ക്യാമ്പുള്ളത്. 21-ാംതീയതി മുതല്‍ രണ്ടാം ഘട്ട മൂല്യനിർണയത്തിന് തുടക്കമാകും. തുടർന്ന് അന്തിമ ഫലം ക്രോഡീകരിക്കുക മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. ഗ്രേസ് മാർക്ക് കൂട്ടിയതോടെ കൃത്യമായ ഗ്രേഡ് നിർണയത്തിനായി സമയമെടുക്കേണ്ടി വരും. ഇത് കൂടാതെ ഹയർ സക്കൻഡറി മൂല്യനിർണയം മെയ് പത്താം തീയതി വരെയാണുള്ളത്. അതുകൊണ്ട് മെയ് മൂന്നാം വാരത്തിലാകും എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിക്കാൻ സാധ്യത. അതിന് ശേഷമാകും പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം മെയ് എട്ടിനായിരുന്നു വിദ്യാഭ്യാസ വകുപ്പ് എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചത്. 99.69 ശതമാനമായിരുന്നു വിജയശതമാനം.
