എസ് ഡിപിഐ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തുടർച്ചയായി യോഗങ്ങളിൽ ഹാജരാവുന്നില്ലെന്ന് ആരോപിച്ച് എസ്ഡിപിഐ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തംഗം എസ് സുൽഫിക്കറിനെതിരായ നടപടിയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി അയോഗ്യനാക്കുകയും ഇത് ശരിവച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുമാണ് ഹൈക്കോടതി നിരുപാധികം റദ്ദാക്കിയത്. മൂന്ന് പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ പങ്കെടുത്തില്ലെന്നു പറഞ്ഞായിരുന്നു സുൽഫിക്കറിനെ പുറത്താക്കിയത്. പഞ്ചായത്ത് നടപടി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരേ സുൽഫിക്കർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കള്ളക്കേസിൽ പോലിസ് നടപടിക്കിരയായതിനാൽ ശാരീരികവും മാനസികവുമായ കാരണങ്ങളാൽ പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മൂന്ന് മാസത്തേക്ക് അവധി വേണമെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടും ഇതൊന്നും വകവയ്ക്കാതെയാണ് അയോഗ്യനാക്കിയത്. ഇത് ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന് സുൽഫിക്കർ നൽകിയ ഹരജിയും തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ, തിരഞ്ഞെടുപ്പ് കേസിൽ അന്തിമവിധി വരുന്നത് വരെ വാർഡിലെ തുടർ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതിൻമേൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും കഴിഞ്ഞ ഒന്നര വർഷമായി പഞ്ചായത്ത് അംഗമായി തുടരുന്നതിനിടെയാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. എസ് സുൽഫിക്കറിന് വേണ്ടി അഭിഭാഷകരായ എസ് ഷാനവാസ് ഖാൻ, എസ് ഇന്ദു, കലാ ജി നമ്പ്യാർ എന്നിവർ ഹാജരായി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *