കൊണ്ടോട്ടിയില്‍ ബസ്സിന്റെ വഴിമുടക്കി ഓട്ടം; ഹോണടിച്ചപ്പോള്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍; കേസ്

മലപ്പുറം: കൊണ്ടോട്ടിയില്‍ ബസ്സിന്റെ വഴിമുടക്കി ഓടിയതിനെത്തുടര്‍ന്ന് ഹോണടിച്ചപ്പോള്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍. ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംക്ഷന്‍ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തി ഓട്ടോ യാത്ര നടത്തിയത്. ബസ് ജീവനക്കാരുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ വീട്ടില്‍ ഷംസുദ്ദീന് എതിരെ പൊലീസ് കേസെടുത്തു.
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും ദേശീയപാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുന്‍പില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്.

പുള്ളിക്കലില്‍ ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോള്‍ ഓട്ടോ ബസ്സിനു പിന്നിലുണ്ടായിരുന്നു. പിന്നീട് മുന്നിലേക്ക് കയറിയ ഓട്ടോ ബസ്സിന്റെ വഴി തടസപ്പെടുത്തുകയായിരുന്നു. ബസ് ഡ്രൈവര്‍ ഹോണ്‍ അടിച്ചപ്പോള്‍ ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്കിട്ട് വിരട്ടാനും നോക്കി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തലേക്കര മുതല്‍ കൊളത്തൂര്‍ എയര്‍പോര്‍ട്ട് റോഡ് ജംക്ഷന്‍ വരെ ഇതു തുടര്‍ന്നു. പിന്നീട് ഓട്ടോറിക്ഷ എയര്‍പോര്‍ട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയില്‍ എയ്ഡ് പോസ്റ്റിലെത്തി പൊലീസില്‍ പരാതിപ്പെട്ടാണ് യാത്ര തുടര്‍ന്നത്. ഓട്ടോ ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *