മലപ്പുറം: താനൂർ കസ്റ്റഡികൊ ലപാതകത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി ക്രൂരമർദനത്തിന് ഇരയായെന്നും പോലിസുകാരുടെ മർദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവച്ച് എയിംസ് റിപോർട്ട്. സിബിഐ സംഘമാണ് ഡൽഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോർട്ടം റിപോർട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പോസ്റ്റുമോർട്ടം സമയത്ത് എടുത്ത ഫോട്ടോകളും ഫോറൻസിക് സർജന്റെ കുറിപ്പുകളും ഡിജിറ്റൽ രേഖകളും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ ഫോറൻസിക് സർജന്റെ കണ്ടത്തലുകളും എയിംസ് വിദഗ്‌ധ സംഘം ശരിവച്ചു. കൊല്ലപ്പെട്ട താമിർ ജിഫ്രി ക്രൂരമർദനത്തിന് ഇരയായെന്നും മർദനം മരണത്തിലേക്ക് നയിച്ചെന്നുമായിരുന്നു പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. ഈ കണ്ടെത്തലുകളാണ് എയിംസ് വിദഗ്‌ധ സംഘവും ശരിവച്ചിരിക്കുന്നത്. നേരത്തേ, താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന സിബിഐ നാല് പോലിസുകാരെ അറസ്റ്റ് ചെയ്‌ിരുന്നു.
പ്രതികളുടെ മർദനത്തിലാണ് താമിർ ജിഫ്രി കൊല്ലപ്പെട്ടതെന്ന് സിബിഐ റിമാന്റ് റിപോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. താമിറിന്റെ ആന്തരികായവയവങ്ങളിൽ ലഹരി മരുന്നിന്റെ അംശങ്ങൾ കണ്ടെത്തിയെങ്കിലും അത് മരണകാരണമായിട്ടില്ലെന്നും റിപോർട്ടിൽ പറയുന്നുണ്ട്. കേസിൽ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. പോലിസ് ഉന്നതരുടെ ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിച്ചായിരിക്കും സിബിഐ അന്വേഷണം. മറ്റൊരു സബ് ഡിവിഷനൽ പരിധിയിൽ നിന്നാണ് ഡാൻസാഫ് സംഘം താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തത് എസ്പി സുജിത് ദാസ്, ഡിവൈഎസ്‌പി വി വി ബെന്നി എന്നിവരുടെ അനുമതിയില്ലാതെ കഴിയില്ലെന്നാണ് സിബിഐയുടെ നിഗമനം. 2023 ആഗസ്ത്‌ത് ഒന്നിനാണ് പോലിസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.









