ഇഡിക്ക് പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും; ബോബി ചെമ്മണ്ണൂര്‍ കുടുങ്ങുമോ?

ബോച്ചെ ടീയിലും ലോട്ടറിയിലും തുടങ്ങിയ അന്വേഷണം പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കൂടുതല്‍ കുരുക്കിലേക്കു നയിക്കുന്നതായി സൂചന.  ഇഡിക്കു പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും(ഐബി) അന്വേഷണം തുടങ്ങി. നിക്ഷേപം വകമാറ്റി ഉപയോഗിച്ചു എന്നതിനു പുറമെ ബോബിക്കെതിരായി ഉയര്‍ന്ന മറ്റു ചില കാര്യങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലോട്ടറി നടത്തിയതിനെതിരായ പൊലീസ് കേസും, ഇത് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുമാണ് ഇ.ഡി അന്വേഷണത്തിന് വഴിവച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റിന് അന്വേഷണം ഏറ്റെടുത്ത് മുന്നോട്ട് പോകണമെങ്കില്‍, പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് അനിവാര്യമാണ്. വയനാട് മേപ്പാടി പൊലീസ് കേസെടുത്തതോടെയാണ് ഇഡി രംഗത്തിറങ്ങിയത്. ചായപ്പൊടി വില്‍പ്പനയ്ക്കും പ്രമോഷനുമെന്ന വ്യാജേനെ ചായപ്പൊടി പാക്കറ്റിന്റെ കൂടെ ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നുവെന്ന വയനാട് ജില്ലാ അസിസ്റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

നിക്ഷേപം സ്വീകരിക്കുന്നതിലും തുടര്‍ന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നതാണ് പ്രധാനമായും ഇഡിയുടെ അന്വേഷണ പരിധിയില്‍ ഉളളത്. നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും, കൂടുതല്‍ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് തന്നെയാണ് സൂചന.

ഇതിനായി ബോബി ചെമ്മണ്ണൂര്‍ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളെല്ലാം തന്നെ ഇഡി സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂര്‍ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്ന് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി വകമാറ്റുന്നുണ്ട്. ഇതില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നതാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ ലംഘനം ഉണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.

അതേസമയം, കണക്കുകള്‍ ഹാജരാക്കാന്‍ ഒന്നര മാസം മുന്‍പ് ഇഡി നിര്‍ദേശിച്ചിരുന്നെന്നും എല്ലാ കണക്കുകളും താന്‍ ഹാജരാക്കിയിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ഈ മാസം തന്നെ ഫയല്‍ ക്ലോസ് ചെയ്യുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും ബോബി പ്രതികരിച്ചു.

 

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *