മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരിൽ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം. പള്ളി തകർത്ത് തീയിടുകയും ഖുർആൻ ഉൾപ്പെടെ കത്തിക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തു.
ചരിത്രപ്രസിദ്ധമായ വിശാൽഗഡ് കോട്ടയിലെ കൈയേറ്റമൊഴിപ്പിക്കണമെന്നും കശാപ്പ് നിരോധിക്കണമെന്നുമുള്ള ആഹ്വാനവുമായി രാജ്യസഭാ മുൻ എംപി
സംഭാജിരാജെ ഭോസലെയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചാണ് കർസേവയിൽ കലാശിച്ചത്.
മാരകായുധങ്ങളുമായി ജയ്ശ്രീറാം വിളിച്ചെത്തിയ ഹിന്ദുത്വർ വിശാൽഗഡിലെ റാസ ജുമാ മസ്‌ജിദിനാണ് തീയിടുകയും ഖുർആൻ കത്തിക്കുകയും ചെയ്തത്.
ശിവജി മഹാരാജാവിന്റെ പിൻഗാമിയെന്ന് അവകാശപ്പെടുന്ന രാജ്യസഭാ മുൻ എംപി സംഭാജിരാജെ ഭോസലെയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേർ ഞായറാഴ്ചയാണ് കോട്ടയിലേക്ക് മാർച്ച് നടത്തിയത്. രാവിലെ 9.40 ഓടെ കോട്ടയിൽ എത്തുന്നതിന് മുന്നോടിയായാണ് വഴിമധ്യേയുള്ള പള്ളി ആക്രമിച്ചത്. കാവിക്കൊടിയും മാരകായുധങ്ങളുമായി പള്ളിയിൽ അതിക്രമിച്ചു കയറിയ സംഘം കണ്ണിൽക്കണ്ടതെല്ലാം അടിച്ചുതകർത്തു. പള്ളി മിനാരത്തിൽ കാവിക്കൊടി നാട്ടുകയും പ്രാർഥനാ ഹാൾ ഉൾപ്പെടെ തകർക്കുകയും ചെയ്‌തു. ആക്രമണം നടത്തുന്നതിനിടെ ജയ് ശ്രീറാം വിളിച്ച് സംഘം ആക്രോശിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തുകയും പ്രദേശവാസികളെ മർദ്ദിക്കുകയും ചെയ്തതായും റിപോർട്ടുകളുണ്ട്. ആക്രമിക്കപ്പെട്ട വാഹനങ്ങളും ദൃശ്യത്തിൽ കാണുന്നുണ്ട്. സമീപപ്രദേശമായ ഗജാപൂരിലാണ് വീടുകൾ ആക്രമിച്ചതെന് ടൈംസ് ഓഫ് ഇന്ത്യ റിപോർട്ട് ചെയ്തു. ഒരു വീടിന് തീയിടുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്.









