നാളെ അഖില കേരള ചുണ്ടയിടല്‍ മത്സരം; മീനിനൊപ്പം ക്യാഷ്‌പ്രൈസും ട്രോഫിയും നിങ്ങള്‍ക്ക് സ്വന്തം, ആര്‍ക്കും പങ്കെടുക്കാം.

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

 

മഴ പെയ്തതോടെ, ജലാശയങ്ങളില്‍ വെള്ളം പൊങ്ങിയതോടെ ചൂണ്ടയുമായി ഇറങ്ങുന്നവരുടെ നിര തന്നെ കാണാൻ സാധിക്കും. പലരും മീനിനെ കിട്ടി ഇല്ലെങ്കിലും ആ ഒരു വൈബ് കിട്ടാൻ പോയിരിക്കുന്നതാണ് എന്ന് പറയാറുണ്ട്. പൊതുവെ നാട്ടിൻപുറത്താണ് ഈ കാഴ്ച പതിവ്. എന്നാല്‍ ഇനി ചൂണ്ട ഇടാൻ അറിയാമെങ്കില്‍ ക്യാഷ് പ്രൈസും ട്രോഫിയും കിട്ടുമെന്ന് കേട്ടാലോ?.

 

തിരൂരങ്ങാടി ചെറുമുക്കിലാണ് നാളെ അഖില കേരള ചുണ്ടയിടല്‍ മത്സരം. മൂന്നുവർഷം മുമ്ബ് നാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാർ ആണ് ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിക്കാൻ ആരംഭിച്ചത്. ചൂണ്ടയിടലിന്റെ നഷ്ടപ്പെട്ടുപാേയ പ്രതാപത്തെ തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം. കേരളത്തില്‍ മറ്റുചിലയിടങ്ങളിലുംചൂണ്ടയിടല്‍ മത്സരം നടത്തുന്നുണ്ടെങ്കിലും തുടർച്ചയായി മറ്റൊരിടത്തും ഇത്തരത്തിലൊന്ന് നടത്തുന്നില്ല.

 

ചെറുമുക്കിലെ നാട്ടുകാരും ചെറുമുക്ക് വിസ്‌മയാ ക്ലബും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് ചൂണ്ടയിടല്‍ ആരംഭിക്കുന്നത്. അതിനുമുമ്ബുതന്നെ രജിസ്ട്രേഷൻ നടപടികള്‍ ആരംഭിക്കും. തുടർന്നാണ് മത്സരം. ഒരാള്‍ പൊക്കത്തില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്ന വയലില്‍ നിന്നാണ് ചൂണ്ടയിട്ട് മീൻപിടിക്കേണ്ടത്.

 

രജിസ്റ്റർ ചെയ്യുന്നവരെ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളായി തരംതിരിക്കും. ഇതില്‍ ഓരോഗ്രൂപ്പിനെ വീതമാകും മത്സരിക്കാൻ അനുവദിക്കുക. അഞ്ചുപേരെയും ഒന്നരമീറ്റർ അകലത്തില്‍ നിരത്തി നിറുത്തും. ഇതില്‍ ആദ്യം ആരുടെ ചൂണ്ടയിലാണോ മീൻ കൊത്തുന്നത് അയാള്‍ രണ്ടാം റൗണ്ടിലേക്ക് കടക്കും. രണ്ടാമത് മീൻ കൊത്തുന്ന ആള്‍ക്കും രണ്ടാം റൗണ്ടിലേക്ക് കടക്കാൻ അവസരമുണ്ടാകും. മറ്റുമൂന്നുപേരും മത്സരത്തില്‍ നിന്ന ഔട്ടാകും.

 

വെറുതേ മീൻ കൊത്തിയാല്‍ പോര കൊത്തിയ മീനിനെ വലിച്ച്‌ കരയ്ക്ക് ഇട്ട് സംഘാടകരെ കാണിക്കുകയും വേണം. മീൻ വലുതോ ചെറുതോ ആകുന്നതുകൊണ്ട് നോ പ്രോബ്ളം. പ്രാഥമിക റൗണ്ടില്‍ വിജയിച്ചുവരുന്നവരെ വീണ്ടും അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളായി പഴയതുപോലെ മത്സരിപ്പിക്കും.

 

ഫൈനലില്‍ മത്സരിക്കുന്നതില്‍ മൂന്നുപേർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസിനൊപ്പം ട്രോഫിയും സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനക്കാർക്ക് ട്രോഫി മാത്രമാകും ലഭിക്കുക. പിടിക്കുന്ന മീനിനെ അവരവർക്ക് കൊണ്ടുപോകാനുള്ള അനുമതിയുമുണ്ട്. ചൂണ്ടയില്‍ മീൻ കൊത്തുമോയെന്ന പേടിയേ വേണ്ട. വലുതും ചെറുതുമായി ഇഷ്ടംപോലെ മീനുള്ള ഒരാള്‍ പൊക്കത്തില്‍ വെളളം നിറഞ്ഞുനില്‍ക്കുന്ന വയലിലാണ് മത്സരം. മത്സരാർത്ഥികള്‍ ചൂണ്ടയും ഇരയും കൊണ്ടുവരാൻ മറക്കരുത്. അവ ഒരുകാരണവശാലും സംഘാടകർ നല്‍കില്ല.

 

ചൂണ്ടയിടല്‍ എന്താണെന്ന് ഒട്ടുമിക്കവർക്കും അറിയുമെങ്കിലും ശരിയായ രീതിയില്‍ ചെയ്യാൻ ഏറെപ്പേർക്കും അറിയില്ല. മാത്രമല്ല യുവ തലമുറയെ സംബന്ധിച്ചിടത്താേളം ചൂണ്ടയിടല്‍ തീരെ കുറഞ്ഞ പണിയുമാണ്. ഈ ധാരണ മാറ്റിയെടുക്കുകയാണ് മത്സരം സംഘടിപ്പിക്കുന്നതിലെ പ്രധാന ലക്ഷ്യമെന്നാണ് സംഘാടകർ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ അഡിക്ടായ ഇപ്പോഴത്തെ തലമുറയെ പഴയകാലത്തിന്റെ നന്മകള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം അവരെ നല്ലനിലയിലേക്ക് നയിക്കുക എന്നതും സംഘാടകരുടെ ലക്ഷ്യമാണ്.

 

കേരളത്തില്‍ നിന്നുള്ള ആർക്കും മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവർ 9645494528, 7560919161 എന്നീ ഫോണ്‍ നമ്ബരുകളില്‍ വിളിക്കുക. ഇതിനകം നൂറോളം പേർ പങ്കെടുക്കാൻ താല്‍പര്യം അറിയിച്ചിട്ടുണ്ട്. പുരുഷന്മാർക്കുമാത്രമാണ് മത്സരം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *