കോഴിക്കോട്: മഴ ശക്തമായതിനെ തുടര്‍ന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ലാ കലക്ടര്‍മാരും പ്രാദേശിക അധികാരികളും അവധി പ്രഖ്യാപിച്ചു.കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് കലക്ടര്‍മാരും പ്രാദേശിക അധികാരികളും അവധി പ്രഖ്യാപിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വിവിധ ജില്ലകളിലെ അവധി അറിയിപ്പ്
കാസര്‍കോട്
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ്- സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
കണ്ണൂര്‍
മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവയ്ക്കടക്കം അവധി ബാധകമാണ്. മുന്‍നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല.
വയനാട്
ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി. പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡന്‍ഷ്യല്‍ (എം.ആര്.എസ്), നവോദയ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.
പാലക്കാട്
കനത്ത കാലവര്‍ഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗണവാടികള്‍, കിന്റര്ഗാര്ട്ടന്, മദ്രസ്സ, ട്യൂഷന് സെന്റര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 19.07.2024 ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ സംഘാടകര്‍ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്കൂളുകള്‍ക്ക് അവധി നല്കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചിരുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം. അതേസമയം, ആവശ്യമായ ഘട്ടങ്ങളില്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
മലപ്പുറം
കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് ഇന്ന് (19.07.24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഇടുക്കി
മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, ഗ്യാപ്പ്റോഡ് എന്നിവിടങ്ങളിലെ കനത്ത മഴ, മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള സാഹചര്യം എന്നിവ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെയും, ചിന്നക്കനാല്‍ പഞ്ചായത്തിലെയും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (വെള്ളിയാഴ്ച) ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്സറി സ്കൂളുകള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവ നിര്‍ബന്ധമായും പ്രവര്‍ത്തിക്കാന്‍ പാടില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ല. പൂര്‍ണ്ണമായും റസിഡന്‍ഷ്യലായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു.
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.