കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവലത്തിൽ നിന്ന് ഞായറാഴ്ച പുലർച്ചെ 4.10ന് ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യ വിമാനം റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 1 മണിക്കൂർ നേരത്തേക്ക് ടേക്ക് ഓഫ് വൈകുമെന്ന് ആദ്യം അറിയിച്ചെങ്കിലും ഇത് അകാരണമായി നീളുകയായിരുന്നു.
കാത്തിരുന്ന മടുത്ത യാത്രികർ ജീവനക്കാരോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി നൽകിയില്ല. ഇതിനിടെ വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് യാത്രികർക്ക് ലഭിച്ചു. ഞായറാഴ്ച പുലർച്ചെ 1 മണിക്ക് എത്തിയ യാത്രികരാണ് ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർക്ക് കുടിവെള്ളം പോലും നൽകാൻ എയർ അറേബ്യ തയ്യാറായതുമില്ല.
ഷാർജയിൽ നിന്നു കണക്ഷൻ ഫ്ളൈറ്റിൽ സൌദിയിലെ ജിദ്ദയിലെത്തി ഇന്നു തന്നെ ഓഫിസിൽ റിപോർട്ട് ചെയ്യേണ്ടതായിരുന്നുവെന്നും ഇതിനായി കുടുംബസമേതം ജിദ്ദയിലേക്കു പോവാൻ കരിപ്പൂരിലെത്തിയതാണെന്നും യാത്രക്കാരനായ അൻവർ സ്വാലിഹ് ന്യൂസ് ടാഗ് ലൈവിനോട് പറഞ്ഞു. മണിക്കൂറുകൾ വിമാനത്താവളത്തിൽ കുടുങ്ങിയതോടെ കൈക്കുഞ്ഞുങ്ങളടക്കമുള്ളവർ വല്ലാത്ത ബുദ്ധിമുട്ടിലായിരിക്കുകയാണ്. അതേസമയം വൈകീട്ട് അഞ്ചിന് വിമാനം റീഷെഡ്യൂൾ ചെയ്യുമെന്ന പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.









