കോപ്പ അമേരിക്കയിൽ വീണ്ടും അർജന്റീന കിരീടം നേടിയതിന് പിന്നാലെ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണൽ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റർ മയാമി. ക്ലബിന്റെ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുമ്പായിരുന്നു സ്വീകരണം. പരിക്ക് കാരണം ഇന്റർമയാമിയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ മെസ്സിയുണ്ടാവില്ലെന്ന് ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പരിക്ക് വകവെക്കാതെ സുരക്ഷാബൂട്ട് ധരിച്ചാണ് മെസ്സി ഇന്നലെ സ്റ്റേഡിയത്തിലെത്തിയത്. വൻ കരഘോഷത്തോടെയായിരുന്നു ഇന്റർമയാമി ആരാധകർ പ്രിയതാരത്തെ വരവേറ്റത്. തുടർന്ന് മെസി നേടിയ 45 കിരീടങ്ങളെ സൂചിപ്പിക്കുന്ന ബോർഡുകളുമായി കുട്ടികളെ ഗ്രൗണ്ടിൽ അണിനിരത്തി. പിന്നീട് ക്ലബിന്റെ ഉപഹാരം മെസ്സിക്ക് സമ്മാനിക്കുകയും ചെയ്തു.
കൊളംബിയയെ തോൽപ്പിച്ചാണ് അർജന്റീന തങ്ങളുടെ തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിക്കിടെ ലയണൽ മെസ്സിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ടാം പകുതിയിൽ മെസ്സി കളിക്കാനിറങ്ങിയെങ്കിലും പരിക്ക് ഗുരുതരമായതോടെ അർജന്റീന കോച്ച് സ്കലോണി അദ്ദേഹത്തെ പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ ഇന്റർമയാമി ചിക്കഗോയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർമയാമി ചിക്കാഗോക്കെതിരെ ജയിച്ച് കയറിയത്. ആറാം മിനിറ്റിൽ മാറ്റിയാസ് റോജാസിലൂടെ ഇൻർമയാമിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 73ാം മിനിറ്റിൽ റാഫേൽ ചിച്ചൂസിലൂടെ ചിക്കാഗോ സമനില പിടിച്ചു. എന്നാൽ, ഇതിന് പിന്നാലെ 75ാം മിനിറ്റിൽ ആൽബയുടെ ഗോളിലൂടെ മുന്നിലെത്തിയ ഇൻറർ മയാമി മത്സരത്തിൽ ജയിച്ച് കയറി.