മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട 13 പേരുടെ നിപ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മലപ്പുറം കലക്ടറേറ്റില്‍ നിപ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒന്‍പതു സാംപിളുകളുടെ ഫലവും തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവുമാണ് ഇന്നു പുറത്തുവരാനുള്ളത്. ഇതില്‍ ആറുപേര്‍ക്കാണു രോഗലക്ഷണങ്ങളുള്ളത്. മൂന്നുപേര്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മാത്രമാണ്.
സമ്പര്‍ക്ക പട്ടികയില്‍ ഉള്ള നാല് പേര്‍ തിരുവനന്തപുരത്താണുള്ളത്. അതില്‍ രണ്ട് പേര്‍ പ്രൈമറി കോണ്ടാക്റ്റ് ആണ്. മറ്റ് രണ്ട് പേര്‍ സെക്കന്‍ഡറി കോണ്ടാക്റ്റ് ആണ്. സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ പാലക്കാട് ജില്ലയില്‍ ആണ്. അതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.
അതേസമയം, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 350 ആയി. ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടും. സമ്പര്‍ക്കപ്പട്ടികയിലുള്ള 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു. രോഗബാധിതനായശേഷം കുട്ടി സഞ്ചരിച്ച സ്വകാര്യബസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബസിലെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക കണ്ടെത്തിവരികയാണ്.
മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കും. കുട്ടിക്ക് ഒപ്പം ബസില്‍ സഞ്ചരിച്ചവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. 144 അംഗ ടീം പാണ്ടിക്കാടും 80 അംഗ ടീം ആനക്കയത്തും വീടുകള്‍ കയറിയുള്ള സര്‍വേ നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.
മരിച്ച കുട്ടിയുടെ സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കും. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അറിയിക്കണമെന്നും 21 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടതെന്നും മന്ത്രി പറഞ്ഞു.
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്കു മാനസിക പിന്തുണ നല്‍കുന്നതിനു കൗണ്‍സലിങ് നല്‍കും. പ്രത്യേക ക്ലാസ് പിടിഎകള്‍ ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത് കൗണ്‍സിലിങ് നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു നടക്കുന്ന പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ണമായും പ്രോട്ടോക്കോള്‍ പാലിച്ചാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.









