നിരവധി കുടുംബങ്ങളെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് കിങ്ങിണിത്തത്തയുടെ ചിറകടിയും നിലവിളിയും.

മുണ്ടക്കൈ: മുണ്ടക്കൈയിലെ ദുരന്തത്തില്‍ നിന്ന് ആനക്കൂട്ടത്തിന്റെ വരവില്‍ രക്ഷപ്പെട്ട നിരവധി പേരുണ്ടായിരുന്നു.(Wayanad Landslide: Parrot warning) വരാനിരിക്കുന്ന അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണ് കൂട്ടത്തോടെ ആനകളെത്തിയത്. എന്നാല്‍, ചൂരല്‍മല സ്വദേശിയായ കിഴക്കേപ്പറമ്പില്‍ കെ.എം.വിനോദിന്റെ അയല്‍വാസികള്‍ക്ക് രക്ഷയായത് വളര്‍ത്തു തത്ത ‘കിങ്ങിണി’യാണ്.

ഉരുള്‍പൊട്ടലിന്റെ തലേന്നു വൈകിട്ട് വിനോദും കുടുംബവും കോളനി റോഡില്‍ താമസിക്കുന്ന സഹോദരി നന്ദയുടെ വീട്ടിലേക്കു മാറിയിരുന്നു. ഓമനിച്ചു വളര്‍ത്തുന്ന തത്തയായതിനാല്‍ കിങ്ങിണിയെയും കൂടെക്കൂട്ടി.

പിറ്റേന്നു പുലര്‍ച്ചെ രണ്ടാമത്തെ വലിയ ഉരുള്‍പൊട്ടലിനു കുറച്ചുനേരം മുന്‍പ് കിങ്ങിണി ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതായി വിനോദ് പറയുന്നു. ‘തൂവലുകള്‍ പറിഞ്ഞുപോരും വിധം കൂടിന്റെ ഇരുമ്പുകമ്പികളില്‍ വന്നിടിക്കുകയും വലിയ ഒച്ചയുണ്ടാക്കുകയും ചെയ്തു. ഇതുകേട്ടാണ് ഞാന്‍ ഉണരുന്നത്. ചൂരല്‍മല പ്രദേശത്തെ സ്ഥിതി അറിയാവുന്നതിനാല്‍ എനിക്ക് ഇതിലെന്തോ പന്തികേടു തോന്നി.

ഉടനെ തന്നെ ചൂരല്‍മലയിലെ അയില്‍വാസികളായ ജിജിന്‍, പ്രശാന്ത്, അഷ്‌കര്‍ എന്നിവരെ വിളിക്കുകയായിരുന്നു. ഫോണെടുക്കാന്‍ ഉണര്‍ന്ന ഇവര്‍ വീടിനു പുറത്തുനോക്കിയപ്പോഴാണ് ചെളിവെള്ളം ഒഴുകിയെത്തുന്നതു കാണുന്നത്. ഉടന്‍തന്നെ അവിടെനിന്നു മാറി’- വിനോദ് പറഞ്ഞു.

ആ മുന്നറിയിപ്പില്ലായിരുന്നുവെങ്കില്‍ മൂന്ന് കുടുംബങ്ങള്‍ കൂടി ദുരന്തത്തിന് ഇരയാവുമായിരുന്നു. വിനോദിന്റെയും സുഹൃത്ത് ജിജിന്റെയും വീടു പൂര്‍ണമായും ഒരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. അഷ്‌കറിന്റെയും പ്രശാന്തിന്റെയും വീട് ഭാഗികമായും തകര്‍ന്നു.

നിലവില്‍ മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യാംപിലാണു വിനോദും കുടുംബവും.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *