തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം മുസ്ലിം ലീഗിന്റെ പിന്തുണയോടെ നിലനിർത്തി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ സബീന ബിഞ്ചുവിനെ ലീഗ് പിന്തുണച്ചതോടെ അവർ നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ സബീന ബിഞ്ചു കോൺഗ്രസ് സ്ഥാനാർഥി ദീപക്കിനെയാണ് തോൽപിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
UDF -13, LDF-12, BJP-8, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ്സും മുസ്ലിം ലീഗും തമ്മിലുള്ള ചർച്ച ഫലം കാണാത്തത്തിനെത്തുടർന്ന് ലീഗിന്റെ 5 കൗൺസിലർമാർ സിപിഎമ്മിന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തിയത്.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 14 വോട്ട് നേടി. കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ടും ലഭിച്ചു. ആദ്യ റൗണ്ടിൽ പുറത്തായ ലീഗ് അവസാന റൗണ്ടിൽ എൽഡിഎഫിനെ പിന്തുണക്കുകയായിരുന്നു.
സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സനീഷ് ജോർജിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണ നൽകിയിരുന്നത്. കൈക്കൂലി കേസിൽ വിജിലൻസ് രണ്ടാം പ്രതിയാക്കിയതോടെ എൽഡിഎഫ് ചെയർമാനുള്ള പിന്തുണ പിൻവലിക്കുയും ചെയ്തു. ശേഷം അവിശ്വാസത്തിന് നോട്ടീസ് നൽകി. പിന്നാലെ സനീഷ് ജോർജ് രാജിവയ്ക്കുകയായിരുന്നു.
ഈ ഒഴിവിലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനായി തിരഞ്ഞെടുപ്പ് നടന്നത്. കൗൺസിലിൽ 13 പേരുടെ അംഗബലമുള്ള UDFൽനിന്ന് ചെയർമാൻ വരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അവസാനഘട്ടത്തിൽ കോൺഗ്രസും ലീഗും ചെയർമാൻ സ്ഥാനത്തിനായി രംഗത്തു വരികയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ നഗരസഭാ ഓഫീസിന് മുന്നിൽ കോൺഗ്രസ് ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. ഇരു പാർട്ടിയിലെയും നേതാക്കൾ തമ്മിൽ ഉന്തുംതള്ളും നടന്നു. ‘സിപിഎം ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം വിളിച്ചാണു ലീഗ് നേതാക്കൾ നഗരത്തിലൂടെ പ്രകടനം നടത്തിയത്.