മെസ്സിയും സംഘവും കേരളത്തിൽ പന്ത് തട്ടുമോ? അർജന്റീന ഫുട്ബാൾ ടീമിനെ ക്ഷണിക്കാൻ കായിക മന്ത്രി ഇന്ന് സ്പെയിനിലേക്ക്.

അർജൻറീന ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാൻ സ്പെയിനിലേക്ക് പോകും.ഇന്ന് പുലർച്ചെയാണ് യാത്ര. മാഡ്രിഡില്‍ എത്തുന്ന മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോള്‍ പ്രതിനിധികളുമായി ചർച്ച നടത്തും. മന്ത്രിക്കൊപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെയിനിലേക്ക് പോകുന്നുണ്ട്. അർജൻ്റീന ടീം കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയപ്പോള്‍ തന്നെ കേരളത്തിലേക്ക് ടീമിനെ എത്തിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം സ്പെയിനിലേക്ക് പോകുന്നത്.

സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്ബ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായികമന്ത്രി വ്യക്തമാക്കിയത്. അർജൻ്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയർന്ന ചെലവായിരുന്നു ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ ക്ഷണം നിരസിക്കുന്നതിന് കാരണമായത്.

2022-ല്‍ ഫുട്ബോള്‍ ലോകകപ്പ് നേടിയത് അർജൻ്റീനയായിരുന്നു. കേരളത്തില്‍ ഏറെ ആരാധകരുള്ള ഫുട്ബോള്‍ ടീമാണ് അർജൻ്റീന. കേരളത്തിലെ ലോകകപ്പ് ആവേശം അന്താരാഷ്ട്ര തലത്തില്‍ തന്നെ വാർ‍ത്തയായിരുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച്‌ നന്ദിയറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അംബാസഡറെ സന്ദർശിച്ച്‌ സംസ്ഥാനത്ത് ഫുട്‌ബോള്‍ വികസനത്തിന് അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താത്പര്യം അറിയിച്ചിരുന്നു. 2011 ല്‍ മെസി ഉള്‍പ്പെടുന്ന അർജന്റീന ടീം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ട്. അർജന്റീന – വെനസ്വേല മത്സരം കാണാൻ കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ 85000 പേരാണ് എത്തിയത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *