ടീം അർജന്റീന കേരളത്തിലേക്ക്..സ്‌പെയിനിൽ AFA പ്രതിനിധികളുമായി നടത്തിയ ചർച്ച വിജയകരമെന്ന്‌ മന്ത്രി വി അബ്ദുറഹിമാൻ

കോഴിക്കോട്: കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടാനെത്തും. കേരളം സന്ദർശിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് അറിയിച്ചു. സ്പെയിനിലെത്തി മന്ത്രിയും സംഘവും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജൻറീന അക്കാദമികൾ സ്ഥാപിക്കും. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.ഇതോടെ അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ അർജന്റീന ഫുട്ബോൾ ആരാധകരെ എല്ലായ്പ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി എഎഫ്എ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്നതും ചർച്ച ചെയ്തു. ഫെഡറേഷൻ പ്രതിനിധികൾ കേരളം സന്ദർശിക്കുമെന്ന് എഎഫ്എ പ്രസിഡൻ്റ് അറിയിച്ചു. ഫുട്ബോൾ അക്കാഡമികൾ സർക്കാരുമായി ചേർന്ന് കേരളത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിക്കാനുള്ള താത്പര്യവും യോഗത്തിൽ എഎഫ്എ അറിയിച്ചു

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *