മലപ്പുറം: കരിപ്പൂർ വിമാനത്താവള പരിസരത്ത് വീട് നിർമ്മാണത്തിന് അനുമതി നല്‍കാത്ത വിഷയത്തില്‍ ജനപ്രതിനിധികളുടെ ഇടപെടല്‍. കെട്ടിട നിർമ്മണ ചട്ടത്തില്‍ ഇളവുകള്‍ അനുവദിക്കുന്നതിന് സർക്കാരിനെ സമീപിക്കാനാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
എൻ ഒ സിക്ക് അപേക്ഷിച്ചിട്ട് മാസങ്ങളായി. ഇതുവരെ കിട്ടിയില്ല. എയർപോർട്ട് അതോറിറ്റിയില്‍ പോയി അന്വേഷിച്ചപ്പോള്‍ അവർ പറഞ്ഞത് കളക്ടറെ പോയി കാണാനാണ്. കളക്ടറെ കണ്ടപ്പോള്‍ പറഞ്ഞത് ഡല്‍ഹിക്ക് കത്തയച്ചിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന മറുപടി പ്രകാരം എൻ ഒ സി തരാമെന്നാണ്. എന്നാല്‍ ഇതുവരെ ലഭിച്ചില്ല”- ഇത് പ്രഭാകരന്‍റെ മാത്രം പ്രശ്നമല്ല. കരിപ്പൂർ വിമാനത്താവള പരിസരത്തെ ഭൂഉടമകള്‍ നേരിടുന്ന പ്രതിസന്ധിയാണ്.
2047 ല്‍ ഉണ്ടാകുമെന്ന് പറയുന്ന വിമാനത്താവള വികസനത്തിന്‍റെ പേരില്‍ പാലക്കപ്പറമ്പ് അടക്കമുള്ള പ്രദേശങ്ങളിലെ കെട്ടിട നിർമ്മാണത്തിന് എയർപോർട്ട് അതോറിറ്റി എൻഒസി നല്‍കുന്നില്ല. ഇത് കാരണം സ്വന്തമായി ഭൂമി ഉണ്ടെങ്കിലും പലരും ഇപ്പോഴും വാടക വീടുകളിലാണ് താമസം. വിമാനത്താവള വികസനത്തിന് സ്ഥലം വിട്ട് നല്‍കിയപ്പോള്‍ കിട്ടിയ പണം കൊണ്ടാണ് മിക്കവരും വീടുപണി തുടങ്ങിയത്. എന്നാല്‍ വിമാനത്താവള അതോറിറ്റിയുടെ എൻ ഒ സി ഇല്ലാതെ വീടു നിര്‍മ്മിക്കാൻ കൊണ്ടോട്ടി നഗരസഭ അനുമതി നല്‍കുന്നില്ല. ഇതേ തുടർന്നാണ് ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെട്ടത്. ചില ഇളവുകള്‍ അത്യാവശ്യമായി നല്‍കണമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പ്രതികരിച്ചു. അതിനായി സർക്കാരിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ അടുത്ത മാസം മുതല്‍ നാട്ടുകാർക്ക് ഒപ്പം ചേർന്ന് പ്രതിഷേധത്തിന് ഇറങ്ങുമെന്ന് നഗരസഭാ ഭരണ സമിതി പറഞ്ഞു. വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.