മലപ്പുറത്ത് നവവരനെ കാണാതായിട്ട് നാല് ദിവസം; ദുരൂഹത ആരോപിച്ച് കുടുംബം

മലപ്പുറം : പള്ളിപ്പുറത്ത് ഇന്ന് വിവാഹിതനാകേണ്ടിയിരുന്ന യുവാവിനെ നാല് ദിവസമായി കാണാനില്ല. നാലാം തീയതി പാലക്കാട്ടേക്ക് പോയ വിഷ്ണുജിത്തിനെക്കുറിച്ചാണ് യാതൊരു വിവരവും ഇല്ലാത്തത്. പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു മാതാവ് തന്റെ മകന് വേണ്ടി കാത്തിരിക്കുകയാണ്. വിഷ്ണുജിത്തിന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. വിവാഹാഘോഷം നടക്കേണ്ട വീട് ഇന്ന് ശോകമൂകമാണ്.

എട്ട് വർഷം പ്രണയിച്ച യുവതിയെ വിവാഹംകഴിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു വിഷ്ണുജിത്ത്. വിവാഹച്ചെലവുകൾക്ക് പണം കണ്ടെത്താൻ ഈ മാസം നാലിന് പാലക്കാട് പോയതാണ്. പിന്നീട് തിരിച്ചു വന്നിട്ടില്ല. നാലിന് വൈകുന്നേരം എട്ട് മണിയോടെ വിഷ്ണുജിത്ത് കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. അന്ന് ബന്ധുവീട്ടിൽ താമസിക്കുമെന്നും അടുത്തദിവസം മടങ്ങിവരാമെന്നുമാണ് വിഷ്ണുജിത്ത് പറഞ്ഞത്.

പിന്നീട് മൊബൈൽ ഫോൺ സ്വിച് ഓഫ് ആയി. പാലക്കാടുള്ള വിഷ്ണുജിത്തിന്റെ സുഹൃത്തിനെ സഹോ​ദരി ബന്ധപ്പെട്ടു. എന്നാൽ പണം വിഷ്ണുജിത്തിന് നൽകിയ ശേഷം ബസ് കയറുന്നതിന് വേണ്ടി കൊണ്ടുവിട്ടിരുന്നുവെന്നാണ് സുഹൃത്ത് പറയുന്നത്. വിഷ്ണു ജിത്തിന്റെ പക്കൽ സുഹൃത്ത് നൽകിയ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നതായി സഹോദരി. തിരോധാനത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം പറയുന്നു. മലപ്പുറം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

അന്വേഷണം നടക്കുന്നുണ്ടെന്നും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മഞ്ഞളാംകുഴി അലി എംഎൽഎ പ്രതികരിച്ചു. അന്വേഷണത്തിൽ ചില കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും രണ്ട് സംഘങ്ങൾ വിഷ്ണുജിത്തിനായി അന്വേഷണം നടക്കുന്നുണ്ടെന്നും മലപ്പുറം എസ്പി എസ് ശശിധരൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് എസ്പി വ്യക്തമാക്കി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *