മലപ്പുറം: സൂപ്പർ ലീഗ് കേരളാ ഫുട്ബോളിൽ തൃശ്ശൂർ മാജിക് എഫ്.സി.യും കണ്ണൂർ വാരിയേഴ്‌സ് എഫ്.സി.യും തിങ്കളാഴ്ച ആദ്യ മത്സരത്തിന്. തൃശ്ശൂർ ടീമിന്റെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് കളി. യുവത്വവും അനുഭവസമ്പത്തുമുള്ള ടീമിനെയാണ് തൃശ്ശൂർ കളത്തിലിറക്കുക. ഐ.എസ്.എൽ. താരങ്ങളായ സി.കെ. വിനീതും മെയിൽസൺ ആൽവസുമാകും ടീമിന്റെ പ്രധാന ആയുധങ്ങൾ. കഴിഞ്ഞ സീസണുകളിൽ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന് വിട്ടുനിന്ന വിനീതിന്റെ തിരിച്ചുവരവുകൂടിയാകും ഈ മത്സരം. വിനീതിനൊപ്പം യുവതാരം മുഹമ്മദ് സഫ്‌നാദും മുന്നേറ്റനിരയിലുണ്ടാകും. ഐ.എസ്.എലിലും ഐ ലീഗിലും കളി മെനഞ്ഞവർ ടീമിലുണ്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഐ ലീഗ് താരങ്ങളായ അഭിജിത്ത് സർക്കാർ, നിഖിൽ കദം എന്നിവരായിരിക്കും മധ്യനിരയിൽ. ജസ്റ്റിൻ ജോർജിനൊപ്പം ഹെൻഡ്രി ആന്റോണെയും പ്രതിരോധമതിൽ തീർക്കും. ഇറ്റാലിയൻ കോച്ച് ജിയോവാനി സാകനുവാണ് മുഖ്യപരിശീലകൻ.
സ്പാനിഷ് കരുത്തുമായാണ് കണ്ണൂർ കളത്തിലിറങ്ങുക. ടീമിലെ ആറ് വിദേശതാരങ്ങളിൽ അഞ്ചും സ്പെയിൻകാരാണ്. ഇതിൽ അഡ്രിയാൻ സാർസിനേറോ സ്പാനിഷ് ലാലിഗയിൽ കളിച്ചിട്ടുണ്ട്. ഐ.എസ്.എലിൽ ജംഷേദ്പുരിനു കളിച്ച ഫ്രാൻസിസ്കോ ജേവിഡ് ഗ്രാൻഡേ, അസീർ ഗോമസ്, ഇലോയ് ഓർഡോനെസ്, അൽവാരോ അൽവാരെസ് എന്നിവരാണ് മറ്റു സ്പാനിഷ് കരുത്തർ. നൈജീരിയ താരം ലാവ സാസയാണ് മറ്റൊരു വിദേശതാരം. മുൻ ഇന്ത്യൻ താരം ആദിൽ ഖാൻ, ഐ.എസ്.എൽ. താരം മുൺമുൺ തിമോത്തി എന്നിവരും വാരിയേഴ്‌സിലുണ്ട്. സ്പാനിഷ് കോച്ച് മാനുവൽ സാഞ്ചസ് മുരിയാസാണ് കോച്ച്.