മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ഇന്ന് തുടക്കമാവും. പുതിയ സീസണില്‍ 13 ടീമുകളുമായാണ് ഐഎസ്എല്‍ വരുന്നത്. ഐഎസ്എല്ലിന്റെ 11ാം സീസണിനാണ് ഇന്ന് കൊല്‍ക്കത്തിയില്‍ തുടക്കമാവുന്നത്. ഐ ലീഗില്‍നിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദന്‍സാണ് പുതുമുഖ ടീം. മുംബൈ സിറ്റി എഫ്.സിയാണ് നിലവിലെ ചാംപ്യന്മാര്‍. സീസണിലെ ആദ്യമത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും മുഖാമുഖംവരും. സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ന് വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ആദ്യകളിയില്‍ കൊച്ചിയില്‍ പഞ്ചാബ് എഫ്.സിയെ നേരിടും. സൂപ്പര്‍ ലീഗ് കേരള; കേരളക്കരയില്‍ ഇന്ന് മുതല്‍ ഫുട്‌ബോള്‍ മാമാങ്കം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണില്‍ പുതിയ പരിശീലകനായ മിക്കേല്‍ സ്റ്റാറെയ്ക്ക് കീഴിലാണ് ഇറങ്ങുന്നത്. ബഗാനെ സ്പാനിഷ് പരിശീലകന്‍ ഹോസെ മൊളീനയും പഞ്ചാബ് എഫ്.സിയെ ഗ്രീക്കുകാരനായ പനാഗിയോറ്റിസ് ഡിലംപെരിസും പരിശീലിപ്പിക്കും. ഈ മൂന്ന് ടീമുകളാണ് പുതിയ പരിശീലകര്‍ക്ക് കീഴില്‍ വരുന്നത്. മറ്റു പത്തുടീമുകളും കഴിഞ്ഞ സീസണിലെ പരിശീലകരുടെ കീഴില്‍ ഇറങ്ങും. പുതിയ നിയമങ്ങളും ഈ സീസണിലുണ്ട്. ക്ലബ്ബുകള്‍ക്ക് ഇന്ത്യക്കാരനായ സഹപരിശീലകന്‍ വേണമെന്ന് നിര്‍ബന്ധമാക്കി. മുഖ്യപരിശീലകന്റെ അഭാവത്തില്‍ ടീമിന്റെ ചുമതല ഇന്ത്യന്‍ സഹപരിശീലകനാകും. ഇതിനുപുറമേ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമവും നടപ്പാകും. തലയ്ക്ക് പരിക്കേല്‍ക്കുന്ന കളിക്കാരനെ മാറ്റി പുതിയ ആളെ ഇറക്കാന്‍ കഴിയുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം. ഈ രീതിയില്‍ ഒരു ടീം കളിക്കാരനെ മാറ്റുമ്പോള്‍ എതിര്‍ടീമിന് ഒരു സബ്സ്റ്റിറ്റിയൂഷന്‍ അധികമായി ലഭിക്കും. കളിക്കാരന് ലഭിക്കുന്ന ചുവപ്പുകാര്‍ഡിനെതിരേ ടീമിന് അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നാണ് മറ്റൊരു പ്രധാന മാറ്റം. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ മല്‍സരങ്ങള്‍ക്ക് വരും ദിനങ്ങള്‍ സാക്ഷ്യം വഹിക്കുക. ഇത്തവണ എണ്ണംപറഞ്ഞ ഗോള്‍വേട്ടക്കാര്‍ ടീമുകളിലുണ്ട്. ബഗാന്റെ ഓസ്‌ട്രേലിയന്‍ താരങ്ങളായ ജെയ്മി മക്ലാരന്‍, ജേസണ്‍ കമിന്‍സ്, എഫ്.സിഗോവയുടെ അല്‍ബേനിയന്‍ താരം അര്‍മാന്‍ഡോ സാദിക്കു, ബ്ലാസ്റ്റേഴ്‌സിന്റെ സ്പാനിഷ് മുന്നേറ്റനിരക്കാന്‍ ജെസ്യൂസ് ജിമെനെസ്, ബെംഗളൂരു എഫ്‌സിയുടെ അര്‍ജന്റീനാ താരം യോര്‍ഗെ പെരേര ഡയസ്, ഒഡിഷ എഫ്.സി.യുടെ ഫിജി താരം റോയ് കൃഷ്ണ, മുംബൈ സിറ്റിയുടെ ഗ്രീക്ക് താരം നിക്കോളാസ് കരെലിസ്, ഈസ്റ്റ് ബംഗാളിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റാകോസ് എന്നിവരാകും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാകാന്‍ മത്സരിക്കുക.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here