തിരുവനന്തപുരം: തദ്ദേശവാർഡ് പുനർവിഭജനത്തോടെ അധികാരത്തിലെത്തുന്ന പുതിയ 1712 ജനപ്രതിനിധികള്‍ക്കായി പ്രതിമാസം കണ്ടെത്തേണ്ടത് 1.56 കോടി രൂപ.
ഓണറേറിയവും ഹാജർബത്തയും നല്‍കാനാണിത്. കൂടുതല്‍ തുക വേണ്ടത് ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. 375 പുതിയ അംഗങ്ങള്‍ക്കായി 1.23 കോടി രൂപ. ബ്ലോക്ക് പഞ്ചായത്തിലെ 187 പുതിയ അംഗങ്ങള്‍ക്കായി 17.95 ലക്ഷം രൂപ വേണം. ജില്ല പഞ്ചായത്തിലെ 15 പുതിയ അംഗങ്ങള്‍ക്കായി 1.62 ലക്ഷം രൂപയും മുനിസിപ്പാലിറ്റിയിലെ 128 കൗണ്‍സിലർമാർക്കായി 12.28 ലക്ഷവും കോർപറേഷനിലെ ഏഴ് കൗണ്‍സിലർമാർക്കായി 64,400 രൂപയും ചെലവാകും.
2025 ലെ തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ 23,612 ജനപ്രതിനിധികള്‍ക്കായി 21.65 കോടി രൂപയാണ് ആകെ വേണ്ട പ്രതിമാസ ചെലവ്. ഇതില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 അംഗങ്ങള്‍ക്കായി 15.60 കോടി രൂപ വേണം. 152 ബ്ലോക്കുകളിലെ 2267 അംഗങ്ങള്‍ക്കായി 2.17 കോടിയാണ് ചെലവ്. 14 ജില്ല പഞ്ചായത്തുകളിലെ 346 അംഗങ്ങള്‍ക്ക് 37.36 ലക്ഷം ചെലവാകും. 87 മുനിസിപ്പാലിറ്റികളിലെ 3241 കൗണ്‍സിലർമാർക്കായി 3.11 കോടിയും ഏഴ് കോർപറേഷനുകളിലെ 421 കൗണ്‍സിലർമാർക്ക് 38.73 ലക്ഷം രൂപയും കണ്ടെത്തണം. ഗ്രാമപഞ്ചായത്തുകള്‍ക്ക് തനത്ഫണ്ടില്‍നിന്നോ സർക്കാർ നല്‍കുന്ന ജനറല്‍ പർപ്പസ് ഗ്രാന്റില്‍നിന്നോ നല്‍കാം.









