കോഴിക്കോട്/മാവൂർ: മുന്നൂറിലേറെ വർഷം പഴക്കമുള്ള പൂവാട്ടുപറമ്പ് പെരുവയലിലെ പാടേരി ഇല്ലത്ത് വൻ കവർച്ച. വയോധികയായ വീട്ടമ്മമാത്രം താമസിച്ചിരുന്ന ഇല്ലത്തിന്റെ മുൻവാതില്‍ ഉള്‍പ്പെടെ ആറ് വാതിലുകളുടെ പൂട്ടുതകർത്ത് 19 ലക്ഷത്തിലേറെ രൂപ വിലവരുന്ന ആഭരണങ്ങള്‍ കവർന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പെരിങ്ങൊളം ഹയർസെക്കൻഡറി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകൻ പരേതനായ ഗോവിന്ദൻനമ്ബൂതിരിയുടെ ഭാര്യ നിർമല അന്തർജനം (73) താമസിക്കുന്ന ചെറുകുളത്തൂർ കുന്നത്തുപറമ്ബിലെ പാടേരി ഇല്ലത്താണ് ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പകലിനും ഇടയില്‍ കവർച്ച നടന്നത്. 30 പവനിലേറെ തൂക്കംവരുന്ന വളകള്‍, മാലകള്‍, പവിത്രമോതിരം, മണിമാല എന്നിവയും വെള്ളിക്കെട്ടിയ തുളസിമാല ഉള്‍പ്പെടെയുള്ള വെള്ളി ആഭരണങ്ങളും കവർന്നിട്ടുണ്ട്.
രാത്രി ഒറ്റയ്ക്കാകാതിരിക്കാൻ, പകല്‍ മുഴുവൻ വീട്ടില്‍ കഴിഞ്ഞശേഷം സന്ധ്യയോടെ ഇടവഴിക്കപ്പുറത്തുള്ള കുടുംബവീട്ടില്‍പ്പോയാണ് നിർമല അന്തർജനം ഉറങ്ങിയിരുന്നത്. സംഭവദിവസവും അങ്ങനെ പോയ ഇവർ രാവിലെ തിരികെയെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുൻവാതില്‍ പൂട്ടുപൊളിച്ചശേഷം അകത്ത് കടന്ന മോഷ്ടാക്കള്‍ നാല് ചെറിയ മുറികളുടെയും രണ്ടുഹാളിന്റെയും പൂട്ട് പൊളിച്ചിട്ടുണ്ട്. ഇതില്‍ ഒരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണമാണ് കവർന്നത്.
കേരളത്തിലെത്തന്നെ പ്രധാന തന്ത്രി കുടുംബങ്ങളില്‍ ഒന്നായ പാടേരി ഇല്ലത്തെ കുടുംബാംഗങ്ങള്‍ പല വീടുകളിലായി ഒരേ പറമ്ബില്‍ത്തന്നെയാണ് താമസം. എന്നാല്‍, ഓണാഘോഷത്തിന്റെ പലവിധ ശബ്ദങ്ങള്‍ പരിസരങ്ങളില്‍ ഉണ്ടായിരുന്നത് പൂട്ട് പൊളിക്കുന്നതുള്‍പ്പെടെയുള്ള ശബ്ദം കേള്‍ക്കുന്നതിന് തടസ്സമായതായി ബന്ധുക്കള്‍ പറഞ്ഞു.
വിവരമറിഞ്ഞ്, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുണ്‍ കെ. പവിത്രൻ, അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷ്, മാവൂർ ഇൻസ്പെക്ടർ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷണസംഘവും തെളിവുകള്‍ ശേഖരിച്ചു. ഡി.സി.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണമാരംഭിച്ചു. മാവൂർ പോലീസ് കേസ് രജിസ്റ്റർചെയ്തു. കവർച്ചയ്ക്ക് മൂന്നിലേറെപ്പേർ ഉണ്ടായിരുന്നെന്നും പിക്കാസ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.