ദുബായ് എയര്‍ ടാക്‌സി സര്‍വീസ് തീയതി പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം ഡിസംബറോടെ ടാക്‌സികളില്‍ പറക്കാം

ദുബായ് : ദുബായില്‍ എയര്‍ ടാക്സികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ച് അധികൃതര്‍. 2025 ഡിസംബറില്‍ എയര്‍ ടാക്‌സികള്‍ സര്‍വീസ് ആരംഭിക്കുമെന്ന് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി (ആര്‍ടിഎ) സഹകരിച്ച് വാണിജ്യ യാത്രാ സേവനത്തിനായി ഇലക്ട്രിക് എയര്‍ ടാക്സികള്‍ വികസിപ്പിക്കുന്ന ജോബി ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

2026 ന്‍റെ തുടക്കത്തില്‍ സര്‍വീസ് ആരംഭിക്കാനാണ് ആര്‍ടിഎയുമായുള്ള കരാര്‍ എങ്കിലും അടുത്ത വര്‍ഷം ഡിസംബറില്‍ തന്നെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ജോബി ഏവിയേഷന്‍ മിഡില്‍ ഈസ്റ്റിന്‍റെ ജനറല്‍ മാനേജര്‍ ടൈലര്‍ ട്രെറോട്ടോല പറഞ്ഞു. സെപ്തംബര്‍ 16 മുതല്‍ 20 വരെ ദുബായില്‍ നടക്കുന്ന ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ് (ഐടിഎസ്) വേള്‍ഡ് കോണ്‍ഗ്രസിന്‍റെ 30-ാമത് എഡിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയര്‍ ടാക്‌സികള്‍ പ്രത്യേകമായി സജ്ജമാക്കിയ വെര്‍ട്ടിപോര്‍ട്ടുകളില്‍ നിന്നാണ് പറന്നുയരുക. എയര്‍ ടാക്‌സി ബുക്ക് ചെയ്ത യാത്രക്കാരനെ തന്‍റെ താമസ ഇടത്തില്‍ നിന്ന് വെര്‍ട്ടിപോര്‍ട്ടിലേക്ക് എത്തിക്കാനും എയര്‍ ടാക്‌സിയില്‍ നിന്നിറങ്ങി അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ഊബര്‍ മാതൃകയിലുള്ള ടാക്‌സി സംവിധാനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. ഭാവിയിലെ ഏരിയല്‍ റൈഡ്-ഹെയ്ലിംഗ് സേവനങ്ങള്‍ക്കായി ജോബിയുടെ വിമാനത്തെ ഊബറിന്‍റെ ആപ്പുമായി സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി, എയര്‍ ടാക്സി സേവനങ്ങള്‍ ആരംഭിക്കുന്നതിന് ദുബായ് ആര്‍ടിഎയുമായി ഒരു നിശ്ചിത കരാറില്‍ ഒപ്പുവച്ചത്. അടുത്ത തലമുറയിലെ വേഗതയേറിയതും വൃത്തിയുള്ളതും ശാന്തവുമായ എയര്‍ മൊബിലിറ്റിയില്‍ ദുബായിയെ ലോക നേതാവായി ഉയര്‍ത്തുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ദുബായില്‍ ആറ് വര്‍ഷത്തേക്ക് എയര്‍ ടാക്സികള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രത്യേക അവകാശത്തോടെ, ജോബി നാല് പ്രധാന സ്ഥലങ്ങളില്‍ അതിന്‍റെ സേവനങ്ങള്‍ ആരംഭിക്കും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഡൗണ്‍ടൗണ്‍ ഏരിയ, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ സ്ഥാപിക്കുക. റോഡ് മാര്‍ഗം 45 മിനുട്ട് എടുക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രയ്ക്ക് എയര്‍ ടാക്‌സിയില്‍ വെറും 10 മിനിറ്റ് മതിയാവും. കാലക്രമേണ ഡിമാന്‍ഡ് എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ച്, ദുബായിലും മറ്റ് യുഎഇ നഗരങ്ങളിലും നെറ്റ്വര്‍ക്ക് വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *