സ്രാമ്പിക്കല്ലിലെ അറക്കൽ നാസർ വിടപറഞ്ഞു

ചോക്കാട് : പഞ്ചായത്തിലെ സ്രാമ്പിക്കല്ല് കരിങ്കുറ നിവാസിയും ദുബൈയിൽ പ്രവാസിയുമായിരുന്ന അറക്കൽ നാസർ 18-09-2024നു (ബുധനാഴ്ച) രാവിലെ 11:00മണിക്ക് കോഴിക്കോട് മൈത്ര ആശുപത്രിയിൽ നിര്യാതനായി. 51വയസ്സായിരുന്നു. പക്ഷാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

നിലമ്പൂർ കരിമ്പുഴ ഭാഗത്തെ വാളപ്ര കുടുംബാംഗമായ സൈറാബാനുവാണ് ഭാര്യ. കരുളായി ചെട്ടി സ്വദേശി തണ്ടുപാറക്കൽ ഷഫീഖിന്റെ ഭാര്യ റഹീന, നിലമ്പൂർ കരിമ്പുഴ സ്വദേശി മാലങ്കാടൻ നിയാസിന്റെ ഭാര്യ ഫാത്തിമ-റിയ, പുല്ലങ്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്-വൺ വിദ്യാർത്ഥിനി ഫാത്തിമ റിഫ, പുല്ലങ്കോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി റിദാൻ എന്നിവർ മക്കളാണ്.

സുബൈദ (കാളികാവ്), സഫിയ (ഉദരംപൊയിൽ), ഖാലിദ് (ഉദരംപൊയിൽ), ഫാത്തിമ സുഹറ (വണ്ടൂർ) എന്നിവർ സഹോദരങ്ങളാണ്.

1970കളുടെ തുടക്കത്തിൽ മൈസൂർ ഗാന്ധിനഗറിൽ നിന്നും ഉദരംപൊയിലിൽ വന്നു താമസമാക്കിയ അറക്കൽ മൊയ്തീൻ സാഹബിന്റെയും വണ്ടൂരിലെ മദാരി കുടുംബാംഗമായ സൈനബതാത്തയുടെയും മകനായി 1973ൽ ഉദരംപൊയിലിൽ ജനിച്ച നാസർ സാഹബ്, ഏഴാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വീട്ടിലെ പ്രാരാബ്ധങ്ങളും പ്രയാസങ്ങളും കാരണം വളരെ ചെറുപ്പം മുതൽ തന്നെ ഹോട്ടൽ ജോലിക്കാരനായി ജീവിതം തുടങ്ങിയ ഒരാളാണ്. നിലമ്പൂർ, ചെമ്മാട്, കോട്ടക്കൽ എന്നിവിടങ്ങളിലാണ് പ്രധാനമായും അദ്ദേഹം ജോലി ചെയ്തത്. 2001ൽ അദ്ദേഹം പ്രവാസിയായി യു.എ.ഇ.യിലെത്തിയെന്നാണറിവ്. മൂന്നുവർഷത്തോളം അൽഐനിലും ബാക്കികാലം ദുബൈയിലുമാണ് ജോലി ചെയ്തിട്ടുള്ളത്. 13വർഷത്തോളം തുടർച്ചയായി ജോലി ചെയ്തിരുന്ന യു.എ.ഇ. സ്വദേശിയായ അബ്ദുള്ള മലിക്കിന്റെ ദുബൈ അൽവർക്കയിലെ വീട്ടിൽവെച്ചാണ് ആഗസ്ത് മാസം 9നു പക്ഷാഘാതമുണ്ടാകുന്നതും ദുബൈ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതും. റാഷിദ് ഹോസ്പിറ്റലിൽ അതിവിദഗ്ദ്ധ ചികിത്സ നൽകിയിരുന്നെങ്കിലും നാട്ടിൽ നിന്നെത്തിയ ഭാര്യയുടെയും യു.എ.ഇ.യിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആഗ്രഹവും അഭിപ്രായവുമനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട പരിചരണത്തിനായി സെപ്തംബർ 13നു വെള്ളിയാഴ്ച നാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.

ഒരു സ്വകാര്യ മെഡിക്കൽ റീപ്പാട്രിയേഷൻ കമ്പനി വഴി കോഴിക്കോടെ മൈത്ര ഹോസ്പിറ്റലിൽ എത്തിച്ച നാസർ സാഹബിന് ആകാവുന്നത്ര നല്ല ചികിത്സ കൊടുക്കുകയും വളരെ പ്രതീക്ഷയിലിരിക്കുകയും ചെയ്യുമ്പോഴായിരുന്നു പെട്ടെന്നു ആരോഗ്യസ്ഥിതിയിൽ മാറ്റം വരുന്നതും ബുധനാഴ്ച രാവിലെ അന്ത്യം സംഭവിക്കുന്നതും.

നാസർ സാഹബിന്റെ അസുഖത്തെക്കുറിച്ചും ചികിത്സകളെക്കുറിച്ചും അറിഞ്ഞതു മുതൽ അദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതുവരെയുള്ള പല ഘട്ടങ്ങളിലും നേരിട്ടും അല്ലാതെയും ആത്മാർത്ഥമായി പ്രവർത്തിച്ച സംഘടനകളെയും വ്യക്തികളെയും ഇവിടെ പ്രതിപാതിക്കാതെ വയ്യ. നാസർ സാഹബിന്റെ സ്പോൺസറും ഇമാറാത്തിയുമായ അബ്ദുള്ള മലിക്ക് തുടക്കം മുതൽ വളരെ ആത്മാർഥമായിത്തന്നെ ഇതിന്നു വേണ്ടതെല്ലാം ചെയ്യാന് കൂടെയുണ്ടായിരുന്നു. ആശുപത്രി ചിലവുകളുടെയും യാത്ര ചെലവുകളുടെയും മുഖ്യ പങ്കും വഹിച്ചത് അദ്ദേഹം തന്നെയാണ്. അതിനൊക്കെ പുറമെ, ആശുപത്രിയിലെ ഭീമമായ ബില്ലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനും യാത്ര രേഖകൾ തയ്യാറാക്കാൻ വേണ്ട സഹായങ്ങളും ചെയ്തത് സ്പോൺസറുടെ മകളായ മർവയായിരുന്നു. കാളികാവ് ഏരിയ പ്രവാസി അസോസിയേഷന്റെ പ്രവർത്തകരും കെ.എം.സി.സി. വണ്ടൂർ മണ്ഡലം സെക്രട്ടറി ഫിറോസ് ബാബു (കരുവാരകുണ്ട്), KAPA പ്രതിനിധി റിയാസ് കാളികാവ്, നിലമ്പൂർ ചന്തക്കുന്ന് സ്വദേശിയും നാസർ സാഹബിന്റെ ബന്ധുവുമായ അബ്ദുൽ റഷീദ്, ഷാഫി ഉദരംപൊയിൽ തുടങ്ങിയവരൊക്കെ നാസർ സാഹബിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടത്തിയ ശ്രമങ്ങളും സേവനങ്ങളും ചെറുതായിരുന്നില്ല. യു.എ.ഇ.യുടെ പല ഭാഗങ്ങളിലായി അസംഘടിതമായി കിടന്നിരുന്ന കാളികാവ് ഭാഗത്തെ പ്രവാസികളെ ഒരു കൂടക്കീഴിലെത്തിക്കാനും യോജിച്ചു പ്രവർത്തിക്കാനും വേദിയൊരുക്കിയ KAPAയുടെ സാരഥികളെ ഈയവസരത്തിൽ ഓർക്കാതിരിക്കാനാകില്ല. നാസർ സാഹബിന്റെ ബന്ധുക്കളുടെ മനസ്സിൽ നിന്നുള്ള നന്ദിപ്രകടനം കൂടി കേട്ടപ്പോൾ, കാളികാവുകാർ യു.എ.ഇ.യിൽ ഒറ്റപ്പെടില്ലെന്ന ധൈര്യം കൂടിയുണ്ടായ അവസരമായിരുന്നു ഇതെന്നു തോന്നി.

ബുധനാഴ്ച വൈകുന്നേരം 5:30മണിക്ക് ഉദരംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. ബന്ധുമിത്രാദികളുടെ ദുഃഖത്തിലും നഷ്ടത്തിലും പങ്കുചേരുന്നതോടൊപ്പം പരേതന്റെ പരലോകശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു, ആദരാഞ്ജലികളർപ്പിക്കുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *