കുട്ടികൾക്കിടയിലെ ലഹരി ഉപയോഗങ്ങൾക്ക് എതിരെ സമൂഹത്തോട്
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ജാഗ്രത പുലർത്തുവാൻ
ഇബ്രാഹീം അടക്കാപുരയുടെ തുറന്ന കത്ത് പ്രാദേശിക തലങ്ങളിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വലിയ ചർച്ചയാകുന്നു.
നമ്മുടെ പ്രദേശത്ത് നമുക്ക് ഏറെ വേണ്ടപ്പെട്ട പല കുട്ടികളും വലിയ രീതിയിൽ ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവിശ്വസനീയമായ ചില സംഭവവികാസങ്ങൾ കഴിഞ്ഞ ഒരു രണ്ട് ദിവസങ്ങളിൽ നമ്മുടെ പ്രദേശത്തു നിന്ന് അറിയാനും നേരിട്ട് മനസ്സിലാക്കാനും സാധിച്ചു. പലതരത്തിലുള്ള ലഹരി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തതും മറ്റുമെല്ലാം പത്രമാധ്യമങ്ങളിലൂടെ നമ്മൾ കേൾക്കുന്നതും കാണുന്നതുമാണ്. എന്നാൽ അതിൽ നിന്നുമെല്ലാം വ്യത്യസ്തമായി, ഒറ്റനോട്ടത്തിൽ ലഹരി വസ്തുക്കളാണെന്ന് നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കാത്ത രീതിയിലുള്ള വ്യത്യസ്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച്, 10 വയസ്സും 20 വയസ്സും ഇടയിൽ പ്രായമുള്ള ഒരുപാട് കുട്ടികൾ ലഹരിയിലേക്ക് കടന്നുപോകുകയാണ്. *മേൽപ്പറഞ്ഞ വയസ്സ് നിങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കുക.*
അതിലേറെ അതിശയപ്പെടുത്തുന്നത്, നമ്മൾ ഏറെ ബഹുമാനിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്ന കുട്ടികളും ഓരോ കുടുംബത്തിലെയും ജ്യേഷ്ഠ അനുജന്മാരുടെ മക്കളും ഒരുമിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. മക്കൾ വീടിനു പരിസരത്ത് കൂട്ടം കൂടി നിൽക്കുമ്പോഴും, രാത്രി സമയങ്ങളിൽ പാടത്ത് ചുറ്റിക്കറങ്ങുമ്പോഴും, വൈകി വീട്ടിൽ കയറുമ്പോഴും, സുഹൃത്തുക്കളുമായി കറങ്ങാൻ പോകുമ്പോഴും, നമ്മൾ ചിന്തിക്കുന്നത് ‘അവൻ വീടിനടുത്താണല്ലോ’ അല്ലെങ്കിൽ ‘അവൻ ഒറ്റയ്ക്കല്ലല്ലോ’ അല്ലങ്കിൽ ‘ജ്യേഷ്ഠന്റെ മകനും, അനിയന്റെ മകനും ഒക്കെ കൂടെയാണല്ലോ’ ‘അപ്പുറത്തെ വീട്ടിലെ കുട്ടിയും ഇപ്പുറത്തെ വീട്ടിലെ കുട്ടിയും കൂടെയാണല്ലോ’ എന്ന ചിന്തയിൽ നമ്മൾ അശ്രദ്ധരാവുന്നു. പക്ഷേ, അതിനിടയിൽ നമ്മുടെ മൂക്കിൻതുമ്പിൽ നിന്ന് തന്നെ മാരകമായ ആരോഗ്യപ്രശ്നങ്ങളും സാമൂഹ്യ വിപത്തുകളും ഉരുത്തിരിയുകയാണ്. ചെറിയ കടകളിൽ നിന്ന് ലഭിക്കുന്ന പശകൾ വരെ ഉപയോഗപ്പെടുത്തി, ചില രാസക്രിയകൾ നടത്തി, അതിൽ നിന്നും ലഹരി കണ്ടെത്തുകയാണ് കുട്ടികൾ.
ഇതിനായി മക്കൾ കൂടുതലായി ഉപയോഗിക്കുന്നത് സൈക്കിൾ പഞ്ചർ ഒട്ടിക്കുന്ന സുലൂസ് എന്ന പശയും അതുപോലെ മറ്റു വസ്തുക്കളുമാണ്. ഇത്ര ലഹരിയിൽ അകപ്പെട്ട കുട്ടികളെ, കഴിഞ്ഞ ദിവസങ്ങളിൽ സൗഹൃദപരമായി ചോദിച്ചു മനസ്സിലാക്കിയപ്പോൾ, കഞ്ചാവ് പോലുള്ള മാരക വസ്തുക്കൾ വരെ എത്തിച്ചുനൽകുന്ന ബന്ധങ്ങൾ ഇവർക്കുണ്ടെന്ന് അറിഞ്ഞു. ഇത്തരം ലഹരിക്ക് വേണ്ട പണം, ചിലർ നിർത്തിയിട്ട ഓട്ടോകളിൽ നിന്നും, മറ്റ് വാഹനങ്ങളിൽ നിന്നും മോഷണം ചെയ്ത് കണ്ടെത്തുകയാണ്. ഇനിയെങ്കിലും ഗൗരവത്തോടെ ഈ വിഷയങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ, നമ്മുടെ നാട് വലിയ അപകടത്തിലേക്ക് കടക്കുമെന്ന് ഉറപ്പാണ്.
പ്രദേശത്ത് സന്നദ്ധരായ യുവാക്കൾ ഇത്തരം കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവണത തുടർന്നാൽ, ഈ കുട്ടികളുടെ പേരും വിലാസവും പുറത്തുവിടുകയും കർശന നിയമനടപടികളിൽ വിധേയമാക്കുകയും ചെയ്യും. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്, മക്കളെ ഏപ്പോഴും നിരീക്ഷിക്കുകയാണ്. അവർ എവിടെ പോകുന്നു, എന്തുകൊണ്ട് വൈകുന്നു, വീടിന്റെ പരിസരത്താണെങ്കിലും, അവർ ഏത് പ്രവർത്തിയിലാണ് ഏർപ്പെടുന്നതെന്ന് ശ്രദ്ധിക്കുക. ഇടവിട്ട് അവരുടെ ബാഗും, പോക്കറ്റുകളും പരിശോധിക്കുക. നമ്മുടെ മക്കൾ ഇത്തരം സാമൂഹിക വിപത്തുകളിൽ അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുക.
പലപ്പോഴും നമ്മൾ കാണുന്ന മറ്റൊരു അവസ്ഥയാണിത്. “പിടിച്ചതിലും വലുതാണ് മടയിൽ ഉള്ളത്” എന്ന് പറയുന്നതുപോലെ, ചില രക്ഷിതാക്കൾക്ക് മക്കളോട് ഇത്തരത്തിൽ എതിർപ്പറിയിക്കാൻ പ്രയാസമുണ്ട്. “ബാപ്പ നിന്നു മൂത്രമൊഴിച്ചാൽ, മക്കൾ നടന്നു ഒഴിക്കും” എന്നാണല്ലോ ചൊല്ല്. അടച്ചിട്ട മുറിയിൽ നിന്ന് സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷം, ആരും കാണുന്നില്ലെന്ന ഭാവത്തിൽ ഇറങ്ങിവരുന്ന കാഴ്ച, പ്രദേശത്ത് പതിവായി മാറിയിരിക്കുന്നു. ഇതൊന്നും മക്കൾക്ക് പ്രചോദനമായിത്തീരുകയാണെന്ന്, ഇത്തരം ആളുകൾ ചിന്തിക്കുന്നില്ല.
ഈ സന്ദേശം വായിക്കുന്ന സ്കൂൾ അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടികൾ, മദ്രസ ഉസ്താദുമാർ, പള്ളി കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ, ഈ സാമൂഹ്യവിപത്തിനെതിരെ രംഗത്തിറങ്ങുകയും, നിർബന്ധമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണം.
നമുക്കൊരുമിച്ച് കൈകോർക്കാം, നല്ലൊരു നാളേക്കായി.