പിവി അന്‍വറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോട് തീര്‍ക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തില്‍ മലപ്പുറം ജില്ല എന്തു പിഴച്ചു. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഈ സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷസമുദായത്തിൽ പെട്ടവരാണ് ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കില്‍ അത് എന്തു കൊണ്ടാണ് എന്നും മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കണം. അല്ലാതെ ഒരു എംഎല്‍എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി നിലവാരം കാണിക്കണം: മുസ്‌ലിം ലീഗ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി അല്‍പമെങ്കിലും നിലവാരത്തിന് ഉയരണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. അന്‍വര്‍ പറഞ്ഞതിന്റെ പേരില്‍ മലപ്പുറത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്വര്‍ണക്കടത്ത് പരാമര്‍ശം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി സത്യാവസ്ഥ തുറന്നു പറയണമെന്നും കേന്ദ്രത്തെ പ്രീണിപ്പിക്കാനാണ് പിണറായിയുടെ നീക്കമെന്നും സലാം പറഞ്ഞു.
കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എത്രപേരെ ശിക്ഷിച്ചിട്ടുണ്ട് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് പറ്റുമോ. ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി പറയുകയാണ് അഞ്ച് കൊല്ലത്തിനിടെ ഇത്രയെണ്ണം ഉണ്ടായി. ഇത് സംബന്ധിച്ച് ഏന്തെങ്കിലും ഒരു തെളിവ് വെക്കാന്‍ ഉണ്ടോ. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അധികവും സ്വര്‍ണം കടത്തിയത് മറ്റു ജില്ലാക്കാരണ്. അത് മലപ്പുറം ജില്ലയുടെ തലയിലിടുകയാണോ?. ഒരു പ്രദേശത്തയാകെ അപമാനിക്കുന്ന പ്രസ്താവനയുമായി വന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് സലാം പറഞ്ഞു.