കോഴിക്കോട്:-കഴിഞ്ഞ ദിവസമാണ് മലപ്പുറം പടപ്പറമ്പില്‍ കാറിലെ എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടുവയസ്സുകാരി മരിച്ചത്. കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു എയര്‍ബാഗ് മുഖത്തടിച്ച് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. കാറില്‍ കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട പല മുന്‍കരുതലുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കുട്ടികളുമായുള്ള കാര്‍ യാത്രയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മലപ്പുറത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ യാത്രകളില്‍ കുട്ടികളുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്താമെന്നും എങ്ങനെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമെന്നും പറയുകയാണ് ഐക്യരാഷ്ട്രസഭ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി.
♦️ഫെയ്‌സ്ബുക്കില്‍ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ്
”കാറില്‍ കുട്ടികളുടെ സീറ്റും സ്ഥാനവും
കാറിന്റെ മുന്‍സീറ്റില്‍ അമ്മയുടെ മടിയിലിരുന്നിരുന്ന കുട്ടി എയര്‍ ബാഗ് പെട്ടെന്ന് തുറന്നു മുഖത്തടിച്ചു മരണപ്പെട്ടു എന്ന വാര്‍ത്ത വരുന്നു. ഏറെ സങ്കടകരം. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.
ഇക്കാലത്തെ മിക്കവാറും കാറുകളില്‍ എയര്‍ ബാഗുകള്‍ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നത് മിക്ക ആളുകളും കണ്ടിട്ടുണ്ടാവില്ല. ഒരിക്കല്‍ എന്റെ മുന്നില്‍ ഒരപകടം ഉണ്ടായപ്പോള്‍ ഞാന്‍ അത് കണ്ടിട്ടുണ്ട്. സത്യത്തില്‍ പേടിച്ചു പോയി. നമുക്ക് ചിന്തിക്കാന്‍ പറ്റുന്നതിനേക്കാള്‍ വേഗത്തിലാണ് എയര്‍ ബാഗ് തുറക്കുന്നതും മുന്‍സീറ്റിലിരിക്കുന്നവരുടെ മുന്നിലേക്ക് വിടര്‍ന്നു വരുന്നതും. അതുകൊണ്ട് തന്നെയാണ് ഇത് അപകടങ്ങള്‍ ഒഴിവാക്കുന്നതും. എന്നാല്‍ അത്രയും സ്പീഡില്‍ ഒരു സാധനം മുന്നിലേക്ക് വരുമ്പോള്‍ നമ്മുടെ മുഖത്ത് പരിക്കേല്‍ക്കില്ലേ, പ്രത്യേകിച്ചും എന്നെപ്പോലെ കണ്ണട ഉള്ളവരുടെ കാര്യം എന്താകും, കയ്യില്‍ കുട്ടികള്‍ ഉണ്ടേങ്കില്‍ എന്ത് സംഭവിക്കും എന്നൊക്കെ ഞാന്‍ അന്ന് ചിന്തിച്ചിരുന്നു.
സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായിട്ടുള്ള രാജ്യങ്ങളിലെല്ലാം കുട്ടികള്‍ മുന്‍സീറ്റില്‍ ഇരിക്കുന്നത് നിയമ വിരുദ്ധമാണ്. മിക്കവാറും രാജ്യങ്ങളില്‍ പന്ത്രണ്ട് വയസ്സ്, ചിലയിടങ്ങളില്‍ 130 സെന്റിമീറ്റര്‍ ഉയരം ഇവയാണ് കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്താനുള്ള മാനദണ്ഡം. ഇത് പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ഫൈന്‍ കിട്ടാം, ഡ്രൈവിങ്ങ് പോയിന്റ് നഷ്ടമാകാം, ഇന്‍ഷുറന്‍സ് പ്രീമിയം കൂടും, ഒന്നില്‍ കൂടുതല്‍ പ്രാവശ്യം സംഭവിച്ചാലോ കുട്ടിക്ക് അപകടം സംഭവിച്ചാലോ ജയിലിലും ആകാം.
കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്താന്‍ പാടില്ല എന്ന് മാത്രമല്ല പിന്നിലെ സീറ്റില്‍ ഇരിക്കുമ്പോഴും കുട്ടികളുടെ സുരക്ഷക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളുണ്ട്. പിറന്നുവീഴുന്ന അന്ന് പോലും കുട്ടിയെ കാര്‍ സീറ്റില്‍ ഇരുത്തി മാത്രമേ കാറില്‍ കൊണ്ടുപോകാവൂ. വളരെ ചെറിയ പ്രായത്തില്‍ കുട്ടികളെ ഇരുത്താന്‍ പ്രത്യേകം സീറ്റ് ഡിസൈന്‍ ഉണ്ട് (കുട്ടി പിറകോട്ട് തിരിഞ്ഞിരിക്കുന്ന തരത്തില്‍ ആണ്). അല്പം കൂടി കഴിഞ്ഞാല്‍ കുട്ടി മുന്‍പോട്ട് ഇരിക്കുന്ന തരത്തില്‍, അതിന് ശേഷം പ്രത്യേകം സീറ്റ് ഇല്ലാതെ അല്പം ഉയരം കൊടുക്കാന്‍ മാത്രമുള്ള സംവിധാനം എന്നിങ്ങനെ. ഇങ്ങനെയൊക്കെയാണ് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത്.
2010 ല്‍ ആണെന്ന് തോന്നുന്നു സുരക്ഷയെപ്പറ്റി കൊച്ചിന്‍
യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ഞങ്ങള്‍ ഒരു സെമിനാര്‍ നടത്തിയിരുന്നു. അന്ന് ഒരു ഡെമോണ്‍സ്ട്രേഷന് വേണ്ടി പോലും ഒരു ചൈല്‍ഡ് സേഫ്റ്റി സീറ്റ് കേരളത്തില്‍ കിട്ടാനുണ്ടായിരുന്നില്ല. എന്റെ സുഹൃത്തും സുരക്ഷാ വിദഗ്ദ്ധനുമായ ജോസി അതുമായി ദുബായില്‍ നിന്നെത്തി.
ഇപ്പോള്‍ കാലം മാറി. കേരളത്തില്‍ പത്തുലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ സര്‍വ്വ സാധാരണമായി. എറണാകുളത്തോ ഓണ്‍ലൈനിലോ കുട്ടികള്‍ക്കുള്ള സീറ്റും കിട്ടും. പക്ഷെ ഇന്ന് വരെ നിങ്ങള്‍ കുട്ടികളുടെ സുരക്ഷാ സീറ്റിന്റെ ഒരു പരസ്യം കണ്ടിട്ടുണ്ടോ? പത്തുലക്ഷത്തിന്റെ കാറുകള്‍ വാങ്ങുന്നവര്‍ പോലും പതിനായിരത്തിന്റെ ചൈല്‍ഡ് സേഫ്റ്റി സീറ്റ് വാങ്ങുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നിര്‍ബന്ധവും പിടിക്കുന്നില്ല താനും.
. ദുരന്തങ്ങള്‍ എന്നാല്‍ മറ്റുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. കേരളത്തില്‍ ഇക്കാര്യത്തില്‍ സമൂഹമോ സര്‍ക്കാരോ പെട്ടെന്ന് മാറുമെന്നും വിചാരിക്കേണ്ട. അതുകൊണ്ട് ചുരുങ്ങിയത് എന്റെ വായനക്കാര്‍ എങ്കിലും കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സുരക്ഷാ സീറ്റ് വാങ്ങണം. സുരക്ഷാ സീറ്റ് ഇല്ലെങ്കില്‍ കുട്ടികളെ കാറില്‍ കയറ്റാതെ നോക്കണം (മറ്റുളളവരുടെ കുട്ടി ആണെങ്കിലും). ഒരു സാഹചര്യത്തിലും കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുത്. സുരക്ഷിതരായിരിക്കുക”