ഇടവപ്പാതിയും തുലാവർഷവും പരസ്പരം കണ്ടുമുട്ടുന്ന അപൂർവ പ്രതിഭാസമാണ് കേരളത്തെ കാത്തിരിക്കുന്നത്

ഇടവപ്പാതിയും തുലാവർഷവും പരസ്പരം കണ്ടുമുട്ടുന്ന അപൂർവ പ്രതിഭാസമാണ് കേരളത്തെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ ബഹുഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും ഇടവപ്പാതി എന്ന തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ പിൻവാങ്ങിയിട്ടും, കേരളത്തിന്‍റെ ആകാശത്തുനിന്ന് ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഒക്ടോബർ മുതല്‍ ഡിസംബർ വരെ നീളുന്ന തുലാവർഷം, അഥവാ വടക്കുകിഴക്കൻ മണ്‍സൂണ്‍, ഒരാഴ്ച കഴിഞ്ഞാല്‍ ഇങ്ങെത്തുകയും ചെയ്യും.

ശരാശരിയിലും മഴ കുറഞ്ഞ ഇടവപ്പാതിക്കു ശേഷം, പതിവിലേറെ മഴ പെയ്യുന്ന തുലാവർഷമാണ് നേരത്തേ തന്നെ കാലാവസ്ഥാ ഗവേഷകർ പ്രവചിച്ചിരുന്നത്. രണ്ടു കാലവർഷങ്ങള്‍ ഇടകലരുന്ന അപൂർവതയ്ക്കു പിന്നാലെ, വർഷാവസാനം കേരളത്തിനു പെരുമഴക്കാലം തന്നെയായി മാറുമെന്നാണ് നിഗമനം.

ഔദ്യോഗികമായി തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ സീസണായി കണക്കാക്കപ്പെടുന്ന കാലയളവില്‍ കേരളത്തില്‍ ലഭിച്ച മഴ, ശരാശരിയിലും പതിനാറ് ശതമാനം കുറവാണ്. എന്നാല്‍, 19 ശതമാനം വരെ കൂടുകയോ കുറയുകയോ ചെയ്യുന്നത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (IMD) കണക്കില്‍ സാധാരണം മാത്രമാണ്. ജൂണ്‍ 1 മുതല്‍ സെപ്റ്റംബർ 30 വരെ 1,718.8 മില്ലീമീറ്റർ മഴയാണ് കേരളത്തില്‍ പെയ്തത്. പ്രതീക്ഷിച്ചിരുന്നത് 2,049.2 മില്ലീമീറ്ററും.

2018ലെ മഹാപ്രളയം മുതല്‍ ഇക്കഴിഞ്ഞ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം വരെ നീളുന്ന മഴപ്പേടി ഇപ്പോഴും തളം കെട്ടിക്കിടക്കുന്നുണ്ട് കേരളത്തിന്‍റെ മണ്ണിലും മനസിലും. അതിനിടെയാണ്, വരാനിരിക്കുന്ന തുലാവർഷം അതിവർഷമാകുമെന്ന പ്രവചനം പുറത്തുവരുന്നത്. അതും ചെറിയ വ്യത്യാസമല്ല, 112 ശതമാനം മഴയാണ്, ഒക്ടോബർ മുതല്‍ ഡിസംബർ വരെ ഇന്ത്യയുടെ തെക്കുകിഴക്കൻ ഉപദ്വീപില്‍ പെയ്തിറങ്ങാൻ പോകുന്നതെന്നു പറയുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 334.13 മില്ലീമീറ്റർ എന്ന ശരാശരി മഴക്കണക്കിനെ മറികടക്കുന്നതായിരിക്കും ഇത്തവണത്തെ കിഴക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ എന്നു സാരം

ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന ശാന്ത സമുദ്ര ഭാഗത്തെ താപനില അസാധാരണമാം വിധം താഴുന്ന ലാ നിന പ്രതിഭാസമാണ് ഈ അതിവർഷത്തിനു കാരണം. ശാന്ത സമുദ്രത്തിന്‍റെ (Pacific Ocean) ഉപരിതലത്തില്‍ ചൂടു കൂടുന്ന എല്‍ നിനോ പ്രതിഭാസം മണ്‍സൂണ്‍ മഴയില്‍ കുറവുണ്ടാക്കിയതിനു പിന്നാലെയാണ് ലാ നിനയുടെ ആവിർഭാവം.

തെക്കുപടിഞ്ഞാറൻ മണ്‍സൂണിന്‍റെ, അതായത്, ജൂണില്‍ തുടങ്ങിയ ഇടവപ്പാതിയുടെ, പിൻവാങ്ങല്‍ വൈകാൻ കാരണമാകുന്ന നിരന്തരമായ ന്യൂനമർദങ്ങള്‍ തന്നെ തുലാവർഷകാലത്ത് ശക്തമായ ഇടിമിന്നലുകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും പെരുമഴയ്ക്കും കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *