ന്യൂഡല്‍ഹി : ക്രിമിനല്‍ കേസിന്‍റെ പേരില്‍ ഒരാളുടെ വിദേശ ജോലി അവസരം നിഷേധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ക്രിമിനല്‍ കേസ് ഉള്ളതുകൊണ്ടു മാത്രം വിദേശത്തു ജോലി തേടാനുള്ള ഒരാളുടെ യോഗ്യത സ്വമേധയാ ഇല്ലാതാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിന് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇന്ത്യന്‍ പൗരനായ ഹര്‍ജിക്കാരന്‍ കാനഡയില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങുന്നതിന് അനുമതി തേടിക്കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ അധികാരികള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു.
ക്രിമിനല്‍ കേസുകള്‍ ദീര്‍ഘകാല വിസക്ക് അപേക്ഷിക്കാനുള്ള ഹര്‍ജിക്കാരന്റെ അവകാശം ഇല്ലാതാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി അപേക്ഷകന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉത്തരവിട്ടു. കനേഡിയന്‍ വിസ ചട്ടങ്ങള്‍ അനുസരിച്ച് അപേക്ഷകന്‍ കാനഡയില്‍ ബിസിനസ് തുടങ്ങണമെങ്കില്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013ല്‍ ഡല്‍ഹി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളാണ് ഹര്‍ജിക്കാരന് എതിരെയുള്ളത്. എന്നാല്‍ അപേക്ഷകന് മറ്റെന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഇല്ലെന്നും കോടതി പറഞ്ഞു. ഇക്കാരണത്താല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ തടസങ്ങളില്ലെന്നും കോടതി പറഞ്ഞു.
ഹര്‍ജിക്കാരന് സാധുവായ പാസ്‌പോര്‍ട്ട് ഉണ്ടെന്നും യാത്രകള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്‌ഐആര്‍ ഉണ്ടെന്ന കാരണത്താല്‍ ജോലി ചെയ്യാനുള്ള അവകാശവും സഞ്ചാര സ്വാതന്ത്ര്യവും പരിമിതപ്പെടുത്തരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.