തിരുവനന്തപുരം : വിദ്യാലയങ്ങളില്‍ പഠന-വിനോദയാത്രകളുടെ ആലോചനായോഗങ്ങള്‍ തുടങ്ങി. ടൂറിസ്റ്റ് ബസുകാരെ എല്‍പ്പിക്കുന്നതില്‍ തൊട്ട് തിരിച്ചെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇവന്റ് മാനേജ്മെന്റുകള്‍ ഒരുപാടുണ്ട്. ഇവര്‍ ഇളവുകള്‍ പ്രഖ്യാപിച്ചും തുക കുറച്ചും പാക്കേജുകളുമായി മുന്നോട്ടു വരികയാണ്. ഇതിനിടയില്‍ സ്‌കൂള്‍ അധികൃതര്‍ മറന്നു പോകുന്നുണ്ട് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെ.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ മാത്രമേ ഏല്‍പ്പിക്കാവൂ എന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. രണ്ടുവര്‍ഷം മുന്‍പ് നടന്ന വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ അതുവരെ നിലനിന്നിരുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കുകയായിരുന്നു. അംഗീകാരമുണ്ടോയെന്നൊന്നും നോക്കാതെ, വിനോദ യാത്രയ്ക്കായി എല്ലാ വര്‍ഷവും കൊണ്ടു പോകുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരെ അതത് സ്‌കൂളുകാര്‍ ഏല്‍പ്പിക്കുകയാണ്.
അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുറവാണെന്നും അവരുടെ പാക്കേജ് പലതും താങ്ങാനാകാത്തതാണെന്നും പ്രിന്‍സിപ്പല്‍മാരും പ്രഥമാധ്യാപകരും പറയുന്നു. നടപടിക്രമങ്ങള്‍ ഒന്നൊന്നായി പാലിച്ചാണ് കുട്ടികളെയും കൊണ്ട് വിനോദയാത്രയ്ക്ക് പോകുന്നതെന്ന് അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. പോകുന്നതിന് മുന്‍പ് വാഹനത്തിന്റെ സുരക്ഷിതത്വം മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ പരിശോധിക്കുന്നതു മുതല്‍ തുടങ്ങുന്നു ഉത്തരവാദിത്വമെന്ന് ടൂറിസ്റ്റ് ആന്‍ഡ് ഗൈഡ് ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ടെഡ് ടോണി ടോം പറഞ്ഞു.
കേരള ടൂറിസം അക്രഡിറ്റേഷനുള്ളവരാണ് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍. ടൂറിസം വിഷയത്തില്‍ ബിരുദധാരിയാകും ഇവര്‍ക്ക് കീഴിലുള്ള ഗൈഡുകള്‍. സര്‍ക്കാരിന്റെ പരിശീലനം ലഭിക്കുന്നുണ്ട് ഇവര്‍ക്ക്. എന്നാല്‍ സംസ്ഥാനത്ത് 60-ല്‍ താഴെ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മാത്രമേയുള്ളൂ. രണ്ടോ മൂന്നോ ജില്ലയില്‍ മാത്രമാണ് 10-ലധികം ഓപ്പറേറ്റര്‍മാരുള്ളത്.
അംഗീകാരമില്ലാത്ത ടൂര്‍ ഓപ്പറേറ്റര്‍ക്കാണ് പാക്കേജ് നല്‍കുന്നതെങ്കില്‍ യാത്രയ്ക്കിടെ എന്തെങ്കിലും അപകടം നടന്നാല്‍ കുടുങ്ങുന്നത് പ്രഥമാധ്യാപകനോ പ്രിന്‍സിപ്പലോ ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
⭕സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍:
•രാവിലെ ആറിനു മുന്‍പും രാത്രി 10-നു ശേഷവും യാത്ര പാടില്ല.
•സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പേറേറ്റര്‍ മുഖേന മാത്രമേ യാത്ര പോകാവൂ.
•യാത്രയില്‍ പങ്കാളികളാകുന്നവരുടെ പേരുവിവരങ്ങള്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും കൈമാറണം.
•അപകടകരമായ ഇടങ്ങളില്‍ കുട്ടികളെയും കൊണ്ട് പോകരുത്.
•15 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയില്‍ മേല്‍നോട്ടച്ചുമതല നല്‍കണം.
•പെണ്‍കുട്ടികളുടെ മേല്‍നോട്ടച്ചുമതല അധ്യാപികമാര്‍ക്കായിരിക്കണം.
•യാത്രയ്ക്കിടയില്‍ അധ്യാപകര്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്.