രാമനാട്ടുകര : ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനാൽ നഗരത്തിൽ പതിവായ ഗതാഗത സ്തംഭനത്തിന് പരിഹാരം നീളുന്നു. രാവിലെയും വൈകിട്ടും നഗരത്തിലൂടെ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ശാസ്ത്രീയമായ പരിഷ്കാരം നടപ്പാക്കാത്തതിനാൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണു നഗരം. വൈകിട്ട് 3 മുതൽ നഗരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. മുന്നൊരുക്കം നടത്താതെ പെട്ടെന്നു വാഹനങ്ങൾ വഴി തിരിച്ചു വിട്ടതാണ് ഗതാഗതം താറുമാറാക്കിയത്.
ദേശീയപാതയിലെ സർവീസ് റോഡ് പുനർ നിർമാണത്തിനും നിസരി ജംക്‌ഷനിലെ ഓട പൂർത്തീകരണത്തിനുമായി കഴിഞ്ഞ 26 മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നഗരത്തിൽ യൂണിവേഴ്സിറ്റി റോഡിലേക്കുള്ള പ്രവേശനം തടഞ്ഞു പാർക്ക് ജംക്‌ഷനിൽ കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചതോടെ വാഹനങ്ങൾക്കു കടന്നു പോകാൻ പ്രയാസമായി.
ഫറോക്ക് ഭാഗത്തു നിന്നു രാമനാട്ടുകരയിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം എയർപോർട്ട് റോഡിലൂടെ വേണം പോകാൻ. കൂട്ടത്തോടെ എത്തുന്ന വാഹനങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷിയില്ലാത്ത എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
നിസരി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ എയർപോർട്ട് റോഡിലേക്ക് പ്രവേശിക്കാൻ പ്രയാസപ്പെടുകയാണ്. ബസ് സ്റ്റാൻഡ് പരിസരത്തു മാത്രമാണ് പ്രവേശനമുള്ളത്. സ്റ്റാൻഡിൽ നിന്നു ബസുകൾ പുറത്തേക്ക് ഇറങ്ങുന്ന ഇവിടെ യൂണിവേഴ്സിറ്റി റോഡിലെത്തുന്ന വാഹനങ്ങൾക്ക് യുടേൺ അനുവദിച്ചതോടെ ആകെ കുരുക്കാകുകയാണ്.
2 ഘട്ടമായാണ് നിസരി ജംക്‌ഷനിൽ ഓട നിർമിക്കുന്നത്. ഇതിൽ ആദ്യ പകുതി ഭാഗം പൂർത്തിയായി.ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടാണ് മറുഭാഗത്ത് നിർമാണം നടത്തുന്നത്.
എന്നാൽ നിസരി ജംക്‌ഷനിൽ നിന്നുള്ള സർവീസ് റോഡ് പ്രവൃത്തി നീളുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. റോഡ് പണി പൂർത്തിയായാൽ മാത്രമേ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ഒഴിവാക്കാനാകൂ.
ഇരു വശത്തും വ്യാപാര സ്ഥാപനങ്ങൾ തിങ്ങിയ ഇടുങ്ങിയ റോഡാണ് രാമനാട്ടുകര എയർപോർട്ട് റോഡ്. ഇപ്പോഴത്തെ സ്ഥിതിയിൽ ഫറോക്ക് ഭാഗത്തു നിന്നു നഗരത്തിൽ എത്തുന്ന എല്ലാ വാഹനങ്ങളും ഇതുവഴി വേണം കടന്നു പോകാൻ.
എയർപോർട്ട് റോഡിന്റെ ഇരുവശത്തുമായി ഫാറൂഖ് കോളജ് റോഡ്, പാറമ്മൽ റോഡ്, പാറക്കടവ് റോഡ് എന്നീ ഉപ റോഡുകളുമുണ്ട്. ഇവിടങ്ങളിൽ നിന്നു നഗരത്തിലേക്ക് എത്തുന്നതും പോകുന്നതുമായ വാഹനങ്ങൾ നിറയുന്നതോടെ എയർപോർട്ട് റോഡ് സ്തംഭിക്കുന്ന അവസ്ഥയാണ്.
അതേസമയം രണ്ടാഴ്ചയായി നഗരത്തിൽ തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നു നഗരസഭാധ്യക്ഷ.
ആറുവരിപ്പാതയിൽ സർവീസ് റോഡ് പ്രവൃത്തി പെട്ടെന്നു പൂർത്തിയാക്കി നിസരി ജംക്‌ഷൻ വാഹനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നു ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.
നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് വിഷയത്തിൽ നഗരസഭാധ്യക്ഷ ഇടപെട്ടത്.
ഗതാഗതം സ്തംഭനം ഒഴിവാക്കാൻ എന്തു നടപടികൾ സ്വീകരിക്കാനാകും എന്നതു സംബന്ധിച്ച് ട്രാഫിക് പൊലീസ് അധികൃതരുമായി ചർച്ച നടത്തി. ദേശീയപാത പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നു നഗരസഭാധ്യക്ഷ.