ഇന്ന് ബഷീർ ദിനം: കഥകളുടെ സുൽത്താൻ ഓർമ്മയായിട്ട് മൂന്ന് പതിറ്റാണ്ട്

ഇന്ന് ബഷീർ ദിനം.!
കഥകളുടെ സുൽത്താൻ അഥവാ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്നേക്ക് മൂന്ന് പതിറ്റാണ്ട്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഏറ്റവും കൂടുതൽ മലയാളികൾ ആസ്വദിച്ചു വായിച്ച പുസ്തകങ്ങൾ ഒരു പക്ഷേ ബഷീറിൻ്റേത് ആകും.

കേട്ട് പരിചയമുള്ള പൊതു സാഹിത്യത്തിലെ വർണ്ണവ്യവസ്ഥകൾ അദ്ദേഹം തിരുത്തിക്കുറിച്ചു. 14 നോവലുകളിലും 13 ചെറുകഥാസമാഹാരങ്ങളിലും എഴുതിയും പറഞ്ഞുമായി നമുക്ക് തന്ന എണ്ണമില്ലാത്തത്ര കഥകളിലും നിന്ന് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത് അലക്കിത്തേച്ച വടിവൊത്ത ഭാഷയിലായിരുന്നില്ല. ബഷീർ ഈ കഥകളൊക്കെ നമ്മോട് പറഞ്ഞതോ, വ്യാകരണത്തിന്‍റെ വേലിക്കെട്ടിലൊതുങ്ങാത്ത പദങ്ങളും വാക്യങ്ങളും നിറഞ്ഞ വാമൊഴിയോ വരമൊഴിയോ എന്ന് വേർതിരിയ്ക്കാനാവാത്ത ബഷീറിന്‍റെ തന്നെ ഭാഷയിൽ. തനി നാടൻ ഭാഷയിൽ അദ്ദേഹം എഴുതിയ കൃതികൾ മലയാളികൾ ഏറ്റെടുത്ത്.

1908 ജനുവരി 21 ന് തലയോലപ്പറമ്പിലാണ് ബഷീറിന്‍റെ ജനനം. ഗാന്ധിജിയുടെ ജീവിതദർശനങ്ങളിൽ ആകൃഷ്‌ടനായ കൗമാരക്കാരനായ ബഷീർ 1924 ൽ വൈക്കം സത്യഗ്രത്തിനെത്തിയ ഗാന്ധിജിയുടെ കൈയിൽ തൊട്ടതിന്‍റെ അനുഭവം പലപ്പോഴും അനുസ്‌മരിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന ഉപ്പുസത്യഗ്രഹത്തിന്‍റെ ഭാഗമായതിനെ തുടർന്ന് ജയിൽവാസം. മോചിതനായ ശേഷമുള്ള എഴുത്തുകളും ദേശീയവാദത്തിൽ ഊന്നിയുള്ളവയായിരുന്നു. സ്വാഭാവികമായും അറസ്റ്റ് വാറന്‍റുമുണ്ടായി. തുടർന്ന് യാത്രകളായിരുന്നു, കടുത്ത അനുഭവങ്ങൾ ഏറെയുണ്ടായ യാത്രകൾ. തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹത്തിന്‍റെ മികച്ച രചനകൾ പുറത്തുവരുന്നത്.

ഇദ്ദേഹത്തിന്‍റെ എല്ലാ രചനകളും ദൈർഘ്യം കുറഞ്ഞവതന്നെയായിരുന്നു. എന്നാൽ, എല്ലാത്തിലും ഒരു ജീവിതമോ അതിനപ്പുറം എന്തെല്ലാമോ അടങ്ങുന്നു. ഒക്കെയും പ്രമേയത്തിലും ആഖ്യാനത്തിലും വൈവിദ്ധ്യം പുലർത്തുന്നവ. പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെ ബഷീർ സാഹിത്യം ഇന്നും നമുക്ക് ലഹരി തരുന്നു, ജീവിതമെന്തെന്ന് കാട്ടിത്തരുന്നു. നാൽപ്പത്തി ആറാം വയസ്സിലായിരുന്നു വിവാഹം. തുടർന്നാണ് സുൽത്താൻ തന്‍റെ സാമ്രാജ്യത്തിന്‍റെ ആസ്ഥാനം ബേപ്പൂരിലേയ്ക്ക് മാറ്റുന്നത്.

ഒട്ടേറെ പുരസ്‌കാരങ്ങൾ ഈ സുൽത്താനെ തേടിയെത്തി, അക്കാദമികളുടെ ഫെല്ലോഷിപ്പുകൾ ഉൾപ്പെടെ. നേടിയ പുരസ്‌കാരങ്ങളെക്കാള്‍ ബഹുമതിയും അംഗീകാരവും മലയാളവും കേരളീയരും മനസുകൊണ്ട് സമ്മാനിച്ചു കഴിഞ്ഞു.

1982-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി.
1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.

മരിച്ചു മുപ്പതാണ്ടുകൾക്ക് ഇപ്പുറവും ബഷീറിൻ്റെ സർഗ്ഗസൃഷ്ടികൾ വായിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് 80 ആണ്ടുകൾ പിന്നിടുമ്പോഴും ഏറ്റവും ജനകീയമായി നിലനിൽക്കുന്ന ‘ബാല്യകാലസഖി’ എന്ന നോവൽ.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *